കോവിഡ്കാലത്ത് കിറ്റ് തയാറാക്കിയ തൊഴിലാളികൾക്ക് വേതനമില്ല
text_fieldsനീലേശ്വരം: ഒരു വർഷംമുമ്പ് കോവിഡ്കാലത്ത് കിറ്റ് തയാറാക്കിയ തൊഴിലാളികൾക്ക് ഇതുവരെയും കൂലി ലഭിച്ചില്ല. ഉദ്യോഗസ്ഥ അനാസ്ഥ അരോപിച്ച് നീതിതേടി തൊഴിലാളികൾ ഭക്ഷ്യമന്ത്രിക്കും ഇ. ചന്ദ്രശേഖരൻ എം.എൽ.എക്കും പരാതി നല്‍കി. വെസ്റ്റ്എളേരി പഞ്ചായത്തിലെ നർക്കിലക്കാട് മാവേലിസ്റ്റോറിൽ കോവിഡ്കാലത്ത് കിറ്റ് തയാറാക്കിയ തൊഴിലാളികൾക്കാണ് ജീവനക്കാരന്റെ അനാസ്ഥമൂലം കൂലി നിഷേധിക്കപ്പെട്ടത്. 2021 ആഗസ്റ്റുവരെ 13 മാസം ജോലിചെയ്തിട്ടും മാനേജർ കൂലി നല്‍കിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. സ്ത്രീകളടക്കം നാലു തൊഴിലാളികളാണ് ജോലിചെയ്തത്. ഈ മാവേലിസ്റ്റോർ പരിധിയിലെ ഒമ്പത് റേഷൻകടയിലെ 5200 ഓളം കാർഡുകൾക്കാണ് കിറ്റുകൾ തയാറാക്കിയത്.
കിറ്റുകൾ വാഹനത്തിൽ കയറ്റിയതും റേഷൻകടകളിൽ ഇറക്കിക്കൊടുത്തതും ഇവർ തന്നെയാണ്. തൊഴിലാളികളുടെ രണ്ടു ലക്ഷത്തോളം രൂപ നൽകാതെയാണ് മാവേലി സ്റ്റോർ മാനേജർ ചതിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ വിറ്റുവരവ് ബാങ്കിൽ അടക്കാതെ തിരിമറി നടത്തിയതിന് സസ്പെൻഷനിലാണത്രെ.
സർക്കാർ ജീവനക്കാരൻ ചെയ്ത തെറ്റിന് പാവപ്പെട്ട തൊഴിലാളികൾ കൂലി ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.