കള്ളന്മാർ വിലസുന്നു; ലക്ഷ്യം ആരാധനാലയങ്ങൾ
text_fieldsകാസർകോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് നിരവധി കവർച്ചകൾ. കള്ളന്മാർ രാത്രിയിലും പുലർച്ചയുമായി വിലസുകയാണ്. മാന്യയിലെ അയ്യപ്പ ഭജനമന്ദിരത്തിലും നെല്ലിക്കട്ട ശ്രീനാരായണഗുരു മന്ദിരത്തിലുമാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയുമായി കവര്‍ച്ച നടന്നത്.
അയ്യപ്പ ഭജനമന്ദിരത്തിന്റെ ശ്രീകോവില്‍ വാതിലും ചുറ്റമ്പല വാതിലും കുത്തിത്തുറന്നാണ് കവര്‍ച്ച. നാലുലക്ഷം രൂപയുള്ള വെള്ളിയില്‍ നിര്‍മിച്ച അയ്യപ്പന്റെ വിഗ്രഹമാണ് കവര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടോടെയാണ് സംഭവം. അയ്യപ്പ മന്ദിരത്തിന് സമീപം അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഈ മുറി പുറത്തുനിന്ന് പൂട്ടിയശേഷമായിരുന്നു മോഷണം. രാത്രി ഇടക്കിടെ വൈദ്യുതി മുടങ്ങുകയും ചെയ്തു.
രാവിലെയാണ് അയ്യപ്പ മന്ദിരത്തില്‍ കവര്‍ച്ച നടന്നതായി അറിഞ്ഞത്. പൊലീസെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. വൈദ്യുതിയില്ലാതിരുന്നതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിക്കുമോയെന്ന സംശയത്തിലാണ് പൊലീസ്. നെല്ലിക്കട്ടയില്‍ ഗുരുമന്ദിരത്തിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് രണ്ടു ഭണ്ഡാരപ്പെട്ടികളും 25,0000 രൂപയും കവര്‍ന്നു. ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഭണ്ഡാരത്തിലെ പണം കവര്‍ന്നു
കാസര്‍കോട്: എടനീരിലെ വിഷ്ണുമംഗലം ക്ഷേത്രവാതില്‍ തകര്‍ത്ത് ഭണ്ഡാരത്തിലെ പണം കവർന്നു. കഴിഞ്ഞദിവസം രാവിലെ പൂജാരി പുരുഷോത്തമത്തിര കുഞ്ചത്തായ എത്തിയപ്പോഴാണ് തെക്കുഭാഗത്തെ വാതിൽ തകര്‍ത്തനിലയില്‍ കണ്ടത്. ക്ഷേത്രത്തിനകത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തതായും കണ്ടു. ഓണത്തിനുശേഷം ഭണ്ഡാരത്തിലെ പണമെടുത്തിരുന്നില്ല. അടുക്കളവാതിലിന്റെ പൂട്ടും തകര്‍ത്തനിലയിലായിരുന്നു. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും പരിശോധിച്ചു.
പള്ളിയിലും ദേവസ്ഥാനത്തും മോഷണം
മഞ്ചേശ്വരം: 10 ദിവസത്തിനുള്ളിൽ 11 കവര്‍ച്ചകളാണ് മഞ്ചേശ്വരം സ്റ്റേഷന് പരിധിയില്‍ നടന്നത്. ആനക്കല്ലിൽ അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 5000 രൂപയും മൊബൈല്‍ ഫോണ്‍ ചാര്‍ജറും കവര്‍ന്നു. അഷ്റഫും കുടുംബവും കര്‍ണാടകയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. രാത്രി 12ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്താണ് സംഘം കയറിയത്. മൂന്ന് അലമാരകള്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്.
വോര്‍ക്കാടി പാവള ബജിരകരിയിലെ പള്ളിയുടെ പൂട്ടുപൊളിച്ച സംഘം നേര്‍ച്ചപ്പെട്ടി തകര്‍ത്ത് 3000 രൂപ കവര്‍ന്നു. പാവള കൊറഗെജ ദേവസ്ഥാനത്തിന്റെ കാണിക്കപ്പെട്ടി തകര്‍ത്ത് 2000 രൂപയും കവര്‍ന്നു. മറുഗോളി പാടിയിലെ ബഷീറിന്റെ കട കുത്തിത്തുറന്ന് 8000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു.
ആരാധനാലയങ്ങളും കടകളും കേന്ദ്രീകരിച്ചാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിലെ കവർച്ച നടന്നിരിക്കുന്നത്. ഒരുഭാഗത്ത് പൊലീസ് പരിശോധന ശക്തമാക്കുമ്പോള്‍ മറ്റൊരുഭാഗത്ത് കവര്‍ച്ച നടക്കുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് സി.സി.ടി.വി കാമറയടക്കം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.