ലുസൈൽ സ്റ്റേഡിയമല്ല ഇത് ഹയ്യാ കാസർകോട്
text_fieldsകാസർകോട്: 'ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണുന്ന ഖത്തറിലുള്ള സുഹൃത്തിനോട്' മൊഗ്രാൽ പുത്തൂരിലെ ജാബിർ കുന്നിൽ പറഞ്ഞു, 'അതിനേക്കാൾ നന്നായി ഞങ്ങൾ കാണുന്നുണ്ട്'. 'അതെങ്ങിനെപ്പാ' എന്നവൻ അതിശയം പ്രകടിപ്പിച്ചപ്പോൾ ഒരു സ്റ്റാറ്റസ് ഇട്ടുകൊടുത്തു. കാസർകോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിനു മുന്നിലെ ബിഗ്സ്ക്രീനിലെ ലോകകപ്പ് സ്ട്രീമിങിന്റെ ദൃശ്യമായിരുന്നു അത്. ഖത്തറിൽ ഗാലറിയിൽനിന്ന് ഗ്രൗണ്ടിലേക്കുള്ള ദൂരമില്ല കാസർകോട്ടെ ബിഗ് സ്ക്രീൻസ്ട്രീമിങിന്.
അവിടത്തേതിനേക്കാൾ മെസ്സിയെയും എംബാപ്പെയെയും 'ക്ലോസപ്പി'ൽ കാണാം. കാസർകോട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭയുടെ സഹകരണത്തോടെ പുലിക്കുന്നിലെ സന്ധ്യാരാഗത്തിൽ ഒരുക്കിയ കൂറ്റൻ സ്ക്രീനിലൂടെയുള്ള തത്സമയ പ്രദർശനം ജാബിർ കുന്നിൽ എന്ന ചെറുപ്പകാരൻ ഫേസ്ബുക്കിൽ കുറിച്ച പോലെ, 'നാട്ടുകാർ ഏറ്റെടുത്തിരിക്കുന്നു'. 'രണ്ട് മണിക്കൂറിലേറെ നീളുന്ന മത്സരങ്ങൾ വീക്ഷിക്കാൻ രാത്രി വൈകിയും നാടിന്റെ നാനാഭാഗത്തുനിന്നായി ഒഴുകിയെത്തുന്നത് ആയിരങ്ങൾ'. ഇടവേളകളിൽ കലാപരിപാടികൾ വേറെയും.
600 ചതുരശ്ര അടിയുള്ളതാണ് സ്ക്രീൻ. മർച്ചന്റ്സ് അസോസിയേഷനും അപ്-ഷോട്ട് ഡിജിറ്റൽ മീഡിയയും ഒരുക്കിയത് വലിയ അവസരമാണെന്ന് മറ്റൊരു കാണി കെ.പി.എസ്. വിദ്യാസാഗർ സമൂഹ മാധ്യമത്തിൽ കുറിച്ചു. ആർപ്പുവിളികളും ആഘോഷങ്ങളും ജയാരവങ്ങളും മുഴങ്ങുമ്പോൾ ഒരു 'ഖത്തർ' കാസർകോട് ഹയ്യാ പാടുന്നു. നേരത്തേ ഉറങ്ങുന്ന കാസർകോട്ടുകാർ ഇപ്പോൾ പുലർച്ചയോളം കാത്തിരിക്കുന്നു. ഇത് കാസർകോടിന്റെ സാംസ്കാരികാന്തരീക്ഷം മാറുമെന്നാണ് പറയുന്നത്.
ഞായറാഴ്ച ഫൈനൽ മത്സരത്തിന് റെക്കോഡ് ജനത്തെയാണ് പ്രതീക്ഷിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, നഗരസഭ ചെയർമാൻ വി.എം. മുനീർ, കെ.അഹമ്മദ് ഷെരീഫ്, എൻ.എ. സുലൈമാൻ, കെ. അബ്ദുൽ കരീം, സംഘാടക സമിതി ജനറൽ കൺവീനർ ടി.എ. ഇല്യാസ്, കെ. ദിനേശ്, വൈസ് ചെയർമാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, മാഹിൻ കോളിക്കര, ടി.എ. അൻവർ, കാസർകോട് മർച്ചന്റ്സ് യൂത്ത് വിങ് പ്രസിഡന്റ് നിസാർ എന്നിങ്ങനെ ബിഗ്സ്ക്രീനിന്റെ പിന്നിൽ വൻ സന്നാഹം തന്നെയുണ്ട്.
അവരുടെ കാലുകളിൽ നമ്മൾ കാണാത്ത ഡ്രിബ്ലിങ്
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. പടന്നക്കാട് ടര്‍ഫില്‍ നടന്ന മത്സരം മുന്‍ സന്തോഷ് ട്രോഫി താരം കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. കാസര്‍കോട് എസ്.എസ്.കെ ഡി.പി.ഒ കെ.പി. രഞ്ജിത്ത് മുഖ്യാതിഥിയായി.
സെറിബ്രല്‍ പാള്‍സി കേരള ടീം ഗോള്‍കീപ്പര്‍ ശ്യാമോഹന്‍, ശ്രാവണ്‍ സന്തോഷ്, എം. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. രാജഗോപാലന്‍ സ്വാഗതവും എം. സുമ നന്ദിയും പറഞ്ഞു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ബി.ആര്‍.സി ട്രെയിനര്‍ സുബ്രഹ്‌മണ്യന്‍ ജഴ്സി സ്പോണ്‍സര്‍ ചെയ്തു. സൗമ്യ സൈമണ്‍, ടി. രാഹുല്‍, ദിവ്യ മേരി, ടി. പത്മരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.