അര നൂറ്റാണ്ടു മുമ്പ് പഠിച്ചിറങ്ങിയവർ തിരികെ ക്ലാസിലെത്തി, ഒപ്പം മാഷും
text_fieldsഗുരുവായൂര്‍: അര നൂറ്റാണ്ടു മുമ്പ് സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയവർ ഒരിക്കൽകൂടി പഴയ ക്ലാസിലെത്തി. അവരുടെ ഒത്തുകൂടലിന് മാധുര്യം പകർന്ന് അധ്യാപകൻ രാധാകൃഷ്ണൻ കാക്കശേരിയും ഉണ്ടായിരുന്നു. 1966 മുതൽ 69 വരെയുള്ള കാലയളവിൽ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചവരാണ് ഒത്തുകൂടിയത്. 70കളിലേക്ക് പ്രവേശിക്കുന്നവരായിരുന്നു 'കുട്ടികളിൽ' ഏറെയും.
അന്നത്തെ കുട്ടികളുടെ മക്കളും പേരക്കുട്ടികളുമൊക്കെ ഉൾപ്പെടുന്നതായിരുന്നു സദസ്സ്. ഓർമകളുടെ മഹാസാഗരംതന്നെ ഓരോരുത്തർക്കും പങ്കുവെക്കാനുണ്ടായിരുന്നു. പ്രിയ 'കുട്ടികളുടെ' അനുഭവങ്ങളും ഓർമകളും ക്ലാസ് ടീച്ചർ രാധാകൃഷ്ണൻ മാസ്റ്റർ വാത്സല്യപൂർവം കേട്ടിരുന്നു. ഇവർ തെൻറ ശിഷ്യന്മാരല്ല, എെൻറ മക്കളാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ദേവസ്വം ചുമര്‍ച്ചിത്ര പഠനകേന്ദ്രം മുന്‍ പ്രിന്‍സിപ്പൽ എം.കെ. ശ്രീനിവാസെൻറ മകന് ശ്രീഹരി വരച്ച ഛായാച്ചിത്രവും ശിഷ്യന്മാർ ഗുരുവിന് സമ്മാനിച്ചു. ഒത്തുചേരലിെൻറ ഓർമക്ക് രാധാകൃഷ്ണൻ മാഷും കുട്ടികളും ചേർന്ന് സ്കൂൾ വളപ്പിൽ കൂവള തൈയും നട്ടു. സതീർഥ്യ സംഗമം ചെയർമാൻ ജനു ഗുരുവായൂർ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന് കെ.വി. ശശിധരന് മുഖ്യാതിഥിയായി. പി.ഐ. ലാസര്‍, സി. വിജയന്, പി.ഐ. ആേൻറാ, വത്സന് കളത്തില്‍, കെ. സേതുമാധവന്, കെ.ടി. ബാലന്, എ.ഐ. രാധ എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നും ഉണ്ടായി. ഒത്തുചേരൽ സംഘടിപ്പിച്ച ബാച്ചിെൻറ ചിത്രരചന അധ്യാപകനായിരുന്ന പുഷ്പാർജുനനെ വസതിയിലെത്തി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.