പുലിപ്പേടിയിൽ നാട്
text_fieldsചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ മാങ്കടത്ത് കൊവ്വലിൽ പുലിയിറങ്ങി. തൊഴിലുറപ്പ് തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ മാങ്കടത്ത് കൊവ്വലിലെ കുറ്റിക്കാട്ടിൽ പുലിയെ കണ്ടത്.
ഏഴ് തൊഴിലാളികളാണ് പുലിയെ കണ്ടത്. ഇവർ ബഹളംവെച്ചതിനെ തുടർന്ന് പുലി ഓടിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലി തന്നെയാണെന്ന് വനം വകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ കൂടും സ്ഥാപിച്ചുകഴിഞ്ഞു.
പടന്നയിൽ പുലർച്ച പുലിയെ കണ്ടതായും നാട്ടുകാർ പറഞ്ഞു. ഇതേത്തുടർന്ന് പിലിക്കോട് ഗ്രാമമൊന്നാകെ ഭീതിയിലാണ്. വിദ്യാലയങ്ങളിൽ അധികൃതർ കുട്ടികളെ തനിച്ചു വിടരുതെന്ന് നിർദേശം നൽകി.
സൈക്കിളിലും നടന്നും പോകുന്ന കുട്ടികളെ രക്ഷിതാക്കൾ വന്ന ശേഷമാണ് വൈകീട്ട് വീട്ടിലേക്ക് വിട്ടത്. കുട്ടികൾ നടന്നുപോകുന്ന വഴികളിലെല്ലാം നാട്ടുകാരും തമ്പടിച്ചിരുന്നു. പിലിക്കോട് പഞ്ചായത്ത് അധികൃതർ, ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എന്നിവർ ജാഗ്രത നിർദേശം നൽകി.
പടന്നയിൽ വിദ്യാലയത്തിന് അവധി നൽകി
പടന്ന: പടന്നയിൽ ചൊവ്വാഴ്ച ദിനം പുലർന്നത് പുലിപ്പേടിയിൽ. വിമാനത്താവളത്തിൽ പോയി വരുകയായിരുന്ന യുവാക്കളാണ് പുലർച്ച നാലു മണിയോടെ പുലിയെ ആദ്യം കണ്ടത്. ഗവ. യു.പി സ്കൂളിനു സമീപത്തെ പഴയ റഹ്മാനിയ മദ്റസ നിലനിന്നിരുന്ന സ്ഥലത്താണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചന്തേര പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിൽ കാട്ടുപൂച്ചയാകാമെന്ന നിഗമനത്തിലെത്തി മടങ്ങിയിരുന്നു. എന്നാൽ, സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യത്തിൽനിന്ന് യുവാക്കൾ കണ്ടത് പുലിയെ തന്നെയാണെന്ന് നാട്ടുകാർ വീണ്ടും സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വീണ്ടും സ്ഥലത്തെത്തി സമീപത്തെ പൊന്തക്കാടുകളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഒമ്പതു മണിയോടെ പിലിക്കോട് പഞ്ചായത്തിലെ മാങ്കടവത്ത് കൊവ്വലിൽ തൊഴിലുറപ്പ് തൊഴിലാളികൾ പുലിയെ കണ്ടതോടെ ജീവി പുലി തന്നെയാണെന്ന് ഉറപ്പിച്ചു.
പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി തൊഴിലാളികൾ കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. കാൽപാടുകളിൽനിന്ന് പുലിയുടെ സാധ്യത തന്നെയാണ് വനംവകുപ്പ് ദ്രുത സുരക്ഷസേന സെക്ഷൻ ഓഫിസർ കെ. രാജുവും പറഞ്ഞതോടെ ഒരു പ്രദേശം മുഴുവൻ ഭീതിയിലായി.
ഇതിനിടെ, പുലിയുടെ സാന്നിധ്യം ആദ്യം കണ്ട പടന്നയിൽ ഗവ. യു.പി സ്കൂളിന് അധികൃതർ അവധി നൽകി. മദ്റസയിലെ കുട്ടികളെ പെട്ടെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വീട്ടിലേക്ക് അയച്ചു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. അടുത്തൊന്നും നിബിഡ വനമില്ലാത്ത പടന്ന പോലുള്ള ജനവാസ മേഖലയിൽ പുലി എത്തിയ അമ്പരപ്പിലാണ് നാട്ടുകാരും ഫോറസ്റ്റ് അധികൃതരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.