ഇന്നത്തെ കമ്യൂണിസ്റ്റ് സ്വതന്ത്രർ പാലം വലിക്കുന്നവർ – ബിനോയ് വിശ്വം
text_fieldsകാസര്‍കോട്: കമ്യൂണിസ്റ്റ് സ്വതന്ത്രർക്ക് മാതൃക വി.ആർ. കൃഷ്ണയ്യരും ജോസഫ് മുണ്ടശേരിയെയും പോലെയുള്ളവരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കമ്യൂണിസ്റ്റ് സ്വതന്ത്രരായി നിയമസഭയിലേക്കും ലോക് സഭയിലേക്കും എത്തിയ പി.വി. അൻവർ, ജെ.എസ്.മനോജ് എന്നിവർ ഒരു ബാധ്യതയായിരുന്നു. 1957ൽ കമ്യൂണിസ്റ്റ് സ്വതന്ത്രർ പാർട്ടി പറഞ്ഞിടത്തു നിന്നിരുന്നു. അവർ കൈയടിച്ചാൽ മാത്രമേ സർക്കാർ നിലനിൽക്കുമായിരുന്നുള്ളൂ. ഭാഗ്യം തേടി വന്ന് സ്വതന്ത്രൻമാരായി മത്സരിച്ച് ജയിക്കുകയും പിന്നെ പാലം വലിക്കുകയും ചെയ്യുന്ന ഈ കാലത്ത് 57ലെ സ്വതന്ത്രന്മാരെ പറ്റി പഠിക്കുന്നത് നല്ലതായിരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 57 ലെ സ്വതന്ത്രന്മാരും പില്കാലത്തെ സ്വതന്ത്രന്മാരെയും ഗവേഷണ വിഷയമാക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി. ഭാസ് കര പണിക്കര്‍ ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.ടി.ബി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിങ്ക് ടാങ്ക് എന്ന ഇംഗ്ലീഷ് വാക്ക് അന്വർഥമാക്കുന്ന വ്യക്തിത്വമായിരുന്നു പി.ടി. ഭാസ് കര പണിക്കരെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫൗണ്ടേഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ഇ. ചന്ദ്രശേഖരന് എം.എല്‍.എ, നാരായണന് പേരിയ, ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് രാജ് എന്നിവര്‍ സംസാരിച്ചു.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി. കൃഷ്ണന്, കെ.എസ്. കുര്യാക്കോസ്, പി. ഭാര്‍ഗവി, എം. കുമാരന്, അഡ്വ. വി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി സി.പി. ബാബു സ്വാഗതവും ജില്ല അസി. സെക്രട്ടറി വി. രാജന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.