ഇതാ അത്യുത്തര ദേശത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾ
text_fieldsകാസർകോട്: കേരളത്തിെൻറ വടക്കേയറ്റത്തായി എന്ന ഒറ്റക്കാരണത്താൽ പിന്നാക്കംനിൽക്കുന്ന കാസർകോടിന് ടൂറിസം മേഖലയിൽ സാധ്യതകളേറെയാണ്. നദികളുടെ നാട്, കോട്ടകളുടെ നാട്, സപ്തഭാഷാ സംഗമ നാട് തുടങ്ങി ഒട്ടേറെ വിളിപ്പേരുള്ള പ്രദേശം. വിനോദസഞ്ചാര മേഖലയിൽ ഒട്ടേറെ സാധ്യതകളുള്ള ജില്ലയാണ്. പക്ഷേ, അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നാക്കമായത് തിരിച്ചടിയാവുന്നു.
കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ടൂറിസം സാധ്യതകൾക്ക് പ്രസക്തിയേറി. ട്രെയിൻ ഗതാഗതത്തിലെ പേരായ്മകളും ടൂറിസം രംഗത്തിന് വെല്ലുവിളിയാണ്. ചുരുങ്ങിയപക്ഷം കണ്ണൂർവരെയെത്തി യാത്ര അവസാനിപ്പിക്കുന്ന ഒട്ടേറെ ട്രെയിനുകൾ എങ്കിലും കാസർകോട്ടേക്ക് നീട്ടിയാൽ അതിന് പരിഹാരമാകും. മൂകാംബിക- പഴനി തീർഥാടനത്തിന് ഉതകുന്ന ട്രെയിനുകൾ ഒരിക്കൽ ദക്ഷിണ റെയിൽവേ അംഗീകരിച്ചതാണ്.
റെയിൽവേ ബോർഡ് പിന്നീട് അക്കാര്യത്തിൽ തീരുമാനമെടുത്തില്ല. ഇങ്ങനെ വലിയ മുതൽമുടക്കില്ലാതെയും എന്നാൽ, സർക്കാർതല ഇടപെടലിലൂടെയും പരിഹരിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാൽ ജില്ലയുടെ ടൂറിസം രംഗത്തിന് മുതൽക്കൂട്ടാകും.
150 മുറികളുമായി ബേക്കൽ ഒരുങ്ങുന്നു
കാസർകോട്: 150 മുറികളുള്ള സംസ്ഥാനത്തെ ആദ്യ റിസോർട്ട് ഒരുങ്ങുന്നത് ബേക്കലിലാണ്. പഞ്ചനക്ഷത്ര സൗകര്യമുള്ള ഇത്രയും വലിയ പദ്ധതി കേരളത്തിൽ വേറെയില്ല. 150 റൂമുകളിൽ 70 എണ്ണം കോട്ടേജുകളാണ്. പദ്ധതിയുടെ പകുതിയിലധികവും പൂർത്തിയായി. രണ്ടു മാസത്തിനകം പദ്ധതി യാഥാർഥ്യമാവും. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ ബേക്കൽ റിസോർട്ട് വികസന കോർപഷെൻറ പ്രദേശത്താണ് മുടങ്ങിക്കിടന്നിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിെൻറ നിർമാണം പുനരാരംഭിക്കുന്നത്.
റിസോർട്ട് നിർമാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് കോർപറേഷന് നൽകാനുള്ള മുഴുവൻ പാട്ട കുടിശ്ശികയും അടച്ചുതീർത്തു. ഉത്തരകേരളത്തിെൻറ ടൂറിസം വളര്‍ച്ചക്ക് ബേക്കൽ -കണ്ണൂർ എയർപോർട്ട്- വയനാട് എന്നിവയെ ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടിമാറുകയാണ്. വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍.സ്വാഗത കമാനം, കോമ്പൗണ്ട് വാള്‍, ഇൻറര്‍ലോക്ക് പതിച്ച നടപ്പാത, കൈവരികള്‍, ട്രാഫിക് സര്‍ക്കിള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കി. ബീച്ചിന് അകത്ത് 18 ലക്ഷം രൂപ ചെലവിട്ട് മിയാവാക്കി വനം നിര്‍മിച്ചിട്ടുണ്ട്. കെ.എസ്.ടി.പി റോഡിലെ ഡിവൈഡറിന് അകത്ത് ഇലഞ്ഞിമര തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നുണ്ട്.
ആരിക്കാടി കോട്ട ഒന്ന് ശ്രദ്ധിക്കുമോ?
കുമ്പള: 300 വർഷത്തെ ചരിത്രമുള്ള കുമ്പളയിലെ ആരിക്കാടി കോട്ട അധികൃതരുടെ അനാസ്ഥ മൂലം നാമാവശേഷമാവുന്നു.ഇക്കേരി രാജവംശത്തിൽപെട്ട നാട്ടുരാജാക്കന്മാർ നിർമിച്ചതെന്നു രേഖപ്പെടുത്തപ്പെട്ട ആരിക്കാടി കോട്ടക്ക് മൈസൂർ രാജാവായിരുന്ന ഹൈദരാലിയുടെയും ടിപ്പു സുൽത്താെൻറയും പടയോട്ട കഥകളും പറയാനുണ്ട്.
നിലവിൽ പുരാവസ്തു–സാംസ്കാരിക വകുപ്പുകൾക്ക് കീഴിൽ വരുന്ന കോട്ടക്ക് സഞ്ചാരികളെ ആകർഷിക്കാൻ മാത്രം തലയെടുപ്പും സൗന്ദര്യവുമുണ്ട്. കുമ്പള പഞ്ചായത്തിലുൾപ്പെടുന്ന, ടൗണിനോട് കേവലം ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ആരിക്കാടി കോട്ടയുടെ കുറേ ഭാഗങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ട്. നിലവിൽ 3.40 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കോട്ടയുടെ സ്ഥലം രണ്ടായി പകുത്താണ് നേരത്തെ ദേശീയപാത നിർമിച്ചത്. അതോടുകൂടി പടിഞ്ഞാറുഭാഗം കടലോരം വരെയുള്ള സ്ഥലം കോട്ടക്ക് നഷ്ടപ്പെട്ടു. കോട്ടക്കകത്തെ ചിത്രങ്ങൾ കൊത്തിയ കരിങ്കൽ തൂണുകളും കൊത്തളങ്ങളും, ഭൂമിക്കടിയിലൂടെ ഊളിയിട്ട് ശത്രുക്കളിൽനിന്നും രക്ഷപ്പെടാനുള്ള തുരങ്കങ്ങളോടുകൂടിയ കിണറുകളും അനാസ്ഥയുടെ അവശിഷ്ടങ്ങളായി അങ്ങിങ്ങായി കാണാം. ആയുധപ്പുരയും പാചകപ്പുരയും മറ്റും മണ്ണിനടിയിൽ മൂടപ്പെട്ടുകിടക്കുന്നുണ്ട്.
മംഗളൂരു വിമാനത്താവളം വഴി കേരളം സന്ദർശിക്കാനെത്തുന്ന വിദേശ സഞ്ചാരികളെ വരവേൽക്കാൻ പാകത്തിൽ നവീകരിച്ച് ഒരുക്കിനിർത്തിയാൽ കോട്ട മലയാളക്കരയുടെ സാംസ്കാരിക മഹിമയുടെ അടയാളമായിത്തീരുമെന്നതിൽ സംശയമില്ല. മയിലുകളും ദേശാടനക്കിളികളും ഉൾപ്പെടെ നൂറു കണക്കിന് പറവകളുടെ വിഹാരകേന്ദ്രം കൂടിയാണ് ആരിക്കാടി കോട്ട.
പടിഞ്ഞാറുഭാഗത്ത് ചുറ്റുമതിലുകൾ ഇല്ലാത്തത് കോട്ടയെ സദാ സാമൂഹിക വിരുദ്ധരുടെ താവളമാക്കി മാറ്റിയിട്ടുണ്ട്. കോട്ട ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്താൽ സർക്കാർ ഖജനാവിലേക്ക് ലക്ഷങ്ങളുടെ വരുമാനമാകും ഇതുവഴിയുണ്ടാവുക.
കാഞ്ഞങ്ങാട് കൈറ്റ് ബീച്ചിനുവേണം സാങ്കേതികാനുമതി
കാഞ്ഞങ്ങാട്: കൈറ്റ‌് ബീച്ച‌് പദ്ധതിക്ക് ഹോസ്ദുർഗ് കടപ്പുറത്ത് 25 സെൻറ് സർക്കാർ ഭൂമി കലക്ടർ അനുവദിച്ചുവെങ്കിലും സാങ്കേതികാനുമതി ഇനിയും ലഭിച്ചിട്ടില്ല. പദ്ധതിക്ക് 98.74 ലക്ഷത്തിെൻറ ഭരണാനുമതിയും കിട്ടിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വ്യത്യസ്‌ത അനുഭവം പകരുന്ന ഹോസ‌്ദുർഗ‌് കൈറ്റ‌് ബീച്ച‌് നിർമാണം ചെറിയ രീതിയിൽ തുടങ്ങിയതേയുള്ളൂ.
പദ്ധതി യാഥാർഥ്യമായാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് മത്സരങ്ങൾക്കും ഹോസ‌്ദുർഗ‌് തീരം വേദിയാകും. നിർമിതി കേന്ദ്രക്കാണ‌് നിർമാണ ചുമതല. ഫുഡ‌്കോർട്ട‌്, വിശ്രമ മുറി, ഷോപ്പിങ‌് സംവിധാനങ്ങൾ, സെക്യൂരിറ്റി കാബിൻ, പൂന്തോട്ട നിർമാണം, സൈൻ ബോർഡ‌് എന്നിങ്ങനെ വിവിധ പ്രവൃത്തികളാണ് കൈറ്റ് ബീച്ച് ടൂറിസത്തിനായി കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.