പാലക്കുന്ന് പള്ളത്ത് വാഹനഗതാഗതം കുരുക്കിൽ
text_fieldsപാലക്കുന്ന്: സംസ്ഥാന പാതയിൽ പാലക്കുന്ന് പള്ളത്ത് നടക്കുന്ന കലുങ്ക് നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയ താൽക്കാലിക സംവിധാനത്തിലെ പിഴവ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കാസർകോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കടന്നുപോകാൻ ഒരുക്കിയ താൽക്കാലിക യാത്ര സംവിധാനം മഴയെത്തുടർന്ന് ചളിക്കുളമായിരിക്കുകയാണ്. മൂന്നു മാസം മുമ്പ് തകർന്ന കലുങ്കിന്റെ നിർമാണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാൽനട യാത്രക്കാരും ദുരിതത്തിലാണ്.
വാഹനങ്ങൾക്ക് മറുഭാഗം കടക്കാൻ ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. കരാറുകാരന്റെയും ട്രാഫിക് പൊലീസിന്റെയും ഭാഗത്തുനിന്ന് വാഹനങ്ങളെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കാത്തതിനെത്തുടർന്ന് മിക്ക സമയങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. പണി പൂർത്തിയാക്കാൻ ആറുമാസമാണ് കരാറുകാരന് അനുവദിച്ചിട്ടുള്ളത്. ഇവിടെ ആവശ്യത്തിന് തെരുവു വിളക്കുകളുമില്ല. അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടർന്ന് ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്.
കലുങ്കിന്റെ പണി നടക്കുന്ന സ്ഥലത്ത് തെരുവുവെളിച്ചത്തിനുള്ള സംവിധാനം അടിയന്തരമായി കാണണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും ഉദുമ ഗ്രാമ പഞ്ചായത്തിനോടും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം, പാലക്കുന്ന് യൂനിറ്റ് യോഗം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.എസ്. ജംഷിദ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ്, മുരളി പള്ളം, ഗംഗാധരൻ പള്ളം, ജയാനന്ദൻ പാലക്കുന്ന്, യൂസഫ് ഫാൽക്കൺ, അഷറഫ് തവക്കൽ, സതീഷ് പൂർണ്ണിമ, ചന്ദ്രൻ തച്ചങ്ങാട്, മുഹമ്മദ് നൂറാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.