റംഷാദിന് നാടിന്റെ യാത്രാമൊഴി
text_fieldsകാസർകോട്: കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ചേരൂര്‍ കോട്ടയിലെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകന് റംഷാദിന് (24) നാടിന്റെ യാത്രാമൊഴി. യുവാവിനെ അവസാനമായി ഒന്നു കാണാൻ ഒട്ടേറെ പേരാണ് വീട്ടിലെത്തിയത്. യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന റംഷാദ് നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
വിവാഹവീടുകളില് സ്റ്റേജും ഡെക്കറേഷനും ഒരുക്കുന്ന ജോലിചെയ്യുന്ന യുവാവ് നാട്ടിൽ പ്രിയപ്പെട്ടവനായിരുന്നു. കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ഈ മാസം അഞ്ചിനുണ്ടായ കാറപകടത്തിലാണ് പരിക്കേറ്റത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ കൂട്ടിയിരുന്ന മണ്‍കൂനയില്‍ ഇടിച്ചശേഷം അടുത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും പിന്നീട് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, മുൻ മന്ത്രി സി.ടി. അഹമ്മദലി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ തുടങ്ങി ഒട്ടേറെ പേർ വീട്ടിലെത്തി. മയ്യിത്ത് ചേരൂർ കോട്ട മുഹ്യിദ്ദീൻ പള്ളിയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.