തീരദേശത്ത് ഇനി വറുതിയുടെ കാലം
text_fieldsകാസർകോട്: ട്രോളിങ് നിരോധനം നിലവിൽവന്നതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ വറുതിയുടെ കാലം. ജില്ലയിൽ ഏകദേശം 250 ട്രോളിങ് ബോട്ടുകളാണുള്ളത്. കാസർകോട് കസബയും മടക്കരയുമാണ് രണ്ടു പ്രധാന ഹാർബറുകൾ. അതിൽ കസബയിൽ പൊതുവേ മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്ന അവസ്ഥയിലാണ്. കാരണം, ഇവിടെ അടുത്തകാലത്തായി നിരവധിപേരാണ് മരിച്ചത്. ചന്ദ്രഗിരിപ്പുഴയിലെ ഒഴുക്കും മറ്റും ഇതിന് കാരണമായി പറയുന്നുണ്ട്.
എല്ലാ ജാഗ്രതാനിർദേശങ്ങളും വരുമ്പോൾ ആദ്യം ബാധിക്കുക മത്സ്യത്തൊഴിലാളികളെയാണ്. കാസർകോട് കസബയിൽ മാത്രം നാൽപതോളം ട്രോളിങ് ബോട്ടുകളാണുള്ളത്. ഏറ്റവും കൂടുതൽ ബാധിക്കുന്നത് മടക്കര, കാസർകോട്, കോട്ടിക്കുളം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ്.
മത്സ്യത്തൊഴിലാളികൾ കൂടുതൽ ഉള്ളത് ഈ മേഖലയിലാണ്. ട്രോളിങ് നിരോധനകാലയളവിൽ അല്ലാതെ നിരവധി പ്രശ്നങ്ങളാണ് ഇവർ അഭിമുഖീകരിക്കുന്നത്. എന്ത് അറിയിപ്പുവന്നാലും ആദ്യം ബാധിക്കുക അവരെയാണെന്ന് തൊഴിലാളികൾ പരാതി പറയുന്നു.
അതേസമയം, മത്സ്യത്തൊഴിലാളികൾ പണിക്ക് പോകാതിരിക്കുമ്പോൾ അവരുടെ അടുപ്പിൽ തീപുകയുന്നുണ്ടോ എന്ന് നോക്കാൻ ആരുമില്ലെന്നാണ് അവരുടെ പക്ഷം.
തങ്ങൾ സർക്കാർ അറിയിപ്പുകൾ കൃത്യമായി പാലിക്കുമ്പോൾ അത്രയുംദിവസം കടലിൽ പോവാതെ വീട്ടിലിരിക്കുകയാണ്. അതിന് സർക്കാർസംവിധാനങ്ങൾ ഒരുവിധ സഹായവും നൽകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഫിഷറീസ് വകുപ്പാകട്ടെ ഉള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനാണ് നോക്കുന്നത്.
ട്രോളിങ് നിരോധനസമയത്ത് നൽകുന്ന തുച്ഛമായ റേഷൻ കൊണ്ടുവേണം 52 ദിവസം കഴിയാൻ. അതും ചിലർക്ക് കിട്ടും അല്ലെങ്കിൽ, നിരോധനം കഴിഞ്ഞിട്ട് കിട്ടും. നിരോധനം കഴിഞ്ഞിട്ട് കിട്ടിയിട്ടെന്തുകാര്യം. പിന്നെയുള്ളത് സമ്പാദ്യ ആശ്വാസപദ്ധതിയാണ്. ഇതാണെങ്കിൽ പലപ്പോഴും കൃത്യസമയത്ത് കിട്ടാറില്ല. അധികൃതരോട് പരാതി പറഞ്ഞാൽ അത് കിട്ടിക്കോളും എന്ന ഒഴുക്കൻമട്ടിലുള്ള മറുപടിയും -മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ജില്ലയിലെ പ്രധാന മത്സ്യബന്ധനകേന്ദ്രമായിട്ടും കാസർകോട്ടെ കസബയുടെ ഉദ്ഘാടനം ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ ട്രോളിങ് കാലയളവിലെങ്കിലും ശരിയായ സഹായം സർക്കാറിന്റെയും വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.