തീരദേശത്തെ 'ആശങ്ക'യിലാഴ്ത്തി സുനാമി മോക്ഡ്രില്‍
text_fieldsതൃക്കരിപ്പൂർ: സുനാമിയുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ വലിയപറമ്പില്‍ മോക്ഡ്രില്‍ നടത്തി. ശാന്തസുന്ദരമായ കടലിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സഞ്ചാരികളെയും തീരദേശത്തെ ജനങ്ങളെയും ആശങ്കയിലാഴ്ത്തി കഴിഞ്ഞദിവസം വൈകീട്ട് 3.57ന് കലക്ടറേറ്റില്‍നിന്ന് സുനാമി മുന്നറിയിപ്പ് നൽകിയാണ് മോക്ഡ്രിൽ തുടങ്ങിയത്. ഒരുനിമിഷം പരിഭ്രാന്തരായ ജനത്തിന് കടല്‍തീരത്തുനിന്ന് മാറാനുള്ള നിര്‍ദേശം ലഭിച്ചു. അഗ്നിരക്ഷസേനയുടെ നേതൃത്വത്തില്‍ കടല്‍തീരത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് അനൗണ്‍സ്മെന്റ് നടത്തി. ചന്തേര പൊലീസും തൃക്കരിപ്പൂര്‍ അഗ്നിരക്ഷ സേനയും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് കടല്‍തീരത്തെ വീടുകളില്‍ നിന്നും ബീച്ചില്‍ നിന്നുമുള്ള ജനത്തെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സിലും അഗ്നിരക്ഷസേന വാഹനത്തിലും പഞ്ചായത്തിന്റെയും മറ്റും സര്‍ക്കാര്‍ വാഹനങ്ങളിലും ജനങ്ങളെ സമീപത്തെ മസാലിഹുൽ ഇസ്ലാം മദ്റസയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടത്തി. ജനങ്ങളും നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിച്ചു. 58 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ഇതിനിടയില്‍ 19പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായ പരിക്കുകളുള്ള എട്ടുപേരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പ്രഥമ ശൂശ്രൂഷ നല്കി വിട്ടയച്ചു. ഒരു മണിക്കൂറോളം നീണ്ട മോക്ഡ്രില്‍ നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോയെന്ന് തിരിച്ചറിയുന്നതിനും പര്യാപ്തമായി. ജില്ല ദുരന്ത നിവാരണ വിഭാഗമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.
ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍, തൃക്കരിപ്പൂര്‍ ഫയര്‍ ഓഫിസര്‍ കെ.എം. ശ്രീനാഥന്റെ നേതൃത്വത്തിലുള്ള 14 അഗ്നിരക്ഷസേന ഉദ്യോഗസ്ഥര്‍, 30 സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍, ചന്തേര, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സേന എന്നിവര്‍ മോക്ഡ്രില്ലിന്റെ ഭാഗമായി. വലിയപറമ്പ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ധന്യ മനോജിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്, എ.ഡി.എം എ.കെ. രമേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റുമാരായ ഡോ. ആല്‍ഫ്രഡ് ജോണി, പ്രേം ജി പ്രകാശ് തുടങ്ങിയവരും മോക്ഡ്രില്ലിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.