എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsകാസർകോട്: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. ബേക്കൽ സബ്ഡിവിഷനു കീഴിൽ രണ്ടിടത്തുനിന്നായി 243.38 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള സ്പെഷൽ ഡ്രൈവിലാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മേൽപറമ്പ പൊലീസ് അറസ്റ്റ് ചെയ്തു.
കളനാട് കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാൻ (30), ചെമ്മനാട് കപ്പണടുക്കത്തെ എ.എം. ഉബൈദ് (45) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ മയക്കുമരുന്ന് നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച മേൽപറമ്പ കീഴൂരിലും ചെമ്മനാടും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ, മേൽപറമ്പ സി.ഐ ടി. ഉത്തംദാസ്, എസ്.ഐ വി.കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഷാജഹാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാമും ചന്ദ്രഗിരി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിൽ ഉബൈദിന്റെ സ്കൂട്ടറിനകത്തുനിന്ന് 241.38 ഗ്രാമുമാണ് പിടികൂടിയത്. ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു.
ബേക്കൽ സി.ഐ യു.പി. വിപിൻ, എസ്.ഐ രാജീവൻ, ഗ്രേഡ് എസ്.ഐ ജയചന്ദ്രൻ, എ.എസ്.ഐ അരവിന്ദൻ, സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജീഷ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിനും സംഘത്തിനും ജില്ല പോലിസ് മേധാവി 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ബാഡ്ജ് ഓഫ് ഓണറിന് ശിപാർശ നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.