രണ്ടുകോടി രൂപയുടെ സ്വര്‍ണം പിടികൂടി
text_fieldsകാസർകോട്: രണ്ടു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ആഡംബരക്കാറിന്റെ രഹസ്യ അറയില്‍ വെച്ച് കൊണ്ടുപോയ സ്വർണമാണ് കസ്റ്റംസ് പിടിച്ചത്. ഒരാള്‍ അറസ്റ്റിലായി.
വിമാനത്താവളങ്ങളിലൂടെ കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണമാണിതെന്നാണ് സൂചന.
കണ്ണൂര്‍ ഡിവിഷന് സൂപ്രണ്ട് രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. ഉരുക്കി ആഭരണങ്ങള്‍ നിര്‍മിക്കാനായി കൊണ്ടുപോകുകയായിരുന്നു എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ഫോർഡ് കാര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെറുവത്തൂര്‍ ദേശീയപാതയില്‍ വെച്ചാണ് 2838.35 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണം പിടിച്ചത്. കോഴിക്കോട് കൊടുവള്ളിയില്‍നിന്ന് മംഗളൂരുവിലെ ആഭരണ നിര്‍മാണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണമാണെന്ന് മംഗളൂരു സ്വദേശി ദേവരാജ സേഠ് (66) കസ്റ്റംസിന് മൊഴി നൽകി.
കേരളത്തിലെ പല വിമാനത്താവളങ്ങളിലൂടെ കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണം കൊടുവള്ളി കേന്ദ്രീകരിച്ച് രഹസ്യ കേന്ദ്രത്തില്‍ സംഭരിക്കുകയും പിന്നീട് ആഭരണ നിര്‍മാതാക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
പിടികൂടിയ സ്വര്‍ണത്തിന് 2.04 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് സൂപ്രണ്ട് പി.പി. രാജീവ് പറഞ്ഞു. കോഴിക്കോട്, കരിപ്പൂര്‍, കൊച്ചി, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലൂടെയാണ് സ്വര്‍ണക്കടത്ത് പ്രധാനമായും നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.