അടിസ്ഥാന സൗകര്യങ്ങളൊരുക്കി യുനാനി ഡിസ്പെൻസറി
text_fieldsമൊഗ്രാൽ: കേരളത്തിലെ ആദ്യ യുനാനി ഗവ. ഡിസ്പെൻസറിയായ കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ അടിസ്ഥാന സൗകര്യവികസനം ഒരുക്കിയതോടെ രോഗികളുടെ എണ്ണത്തിൽ വൻവർധന. ഇതേത്തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് മരുന്ന് വാങ്ങാൻ നൽകിവരുന്ന തുകയും വർധിപ്പിച്ചു. 2023-24 വർഷത്തെ വാർഷികപദ്ധതിയിൽ 30 ലക്ഷം രൂപയാണ് മരുന്നിനായി വകയിരുത്തിയത്. മരുന്ന് ആശുപത്രിയിൽ എത്തിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ മരുന്ന് വാങ്ങിയിരുന്നില്ല. ഇതുമൂലം ഡിസ്പെൻസറിയിൽ മരുന്നുക്ഷാമവും ഉണ്ടായിരുന്നു. വ്യാഴാഴ്ച മുതൽ മരുന്ന് എത്തിത്തുടങ്ങിയതോടെ ക്ഷാമത്തിന് പരിഹാരമായി. ഇനി സംസ്ഥാനസർക്കാർ ഫണ്ടുകൂടി മരുന്നിന് ലഭ്യമാക്കേണ്ടതുണ്ട്. നാഷനൽ ആയുഷ് മിഷന്റെ മരുന്നും ലഭിക്കാറുണ്ട്. ജില്ല പഞ്ചായത്ത് ഈവർഷം പാലിയേറ്റിവ് രോഗികൾക്ക് വേണ്ടി അഞ്ചു ലക്ഷം രൂപയുടെ മരുന്ന് അനുവദിച്ചിട്ടുണ്ട്.
കേരള-കർണാടക അതിർത്തി പ്രദേശങ്ങളിൽനിന്ന് പോലും നിരവധിപേരാണ് ദിവസേന യുനാനി ചികിത്സതേടി മൊഗ്രാലിലെത്തുന്നത്. ദിവസേന ഇരുനൂറോളം ടോക്കൺ കൊടുക്കുമെങ്കിലും തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഷക്കീർ അലി പറയുന്നു. തൊട്ടടുത്തുള്ള മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളും ചികിത്സതേടി യുനാനി ഡിസ്പെൻസറിയിൽ എത്തുന്നുണ്ട്.
പാർശ്വഫലങ്ങൾ ഒന്നുമില്ലാത്തതും ചികിത്സയിലൂടെ രോഗശാന്തി ലഭിക്കുന്നതുമാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. ഈ അടുത്തിടെയാണ് യുനാനി ഡിസ്പെൻസറിക്ക് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കെട്ടിടം നിർമിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോർജാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ ലാബ്, ഫിസിയോ തെറപ്പി, റെജിമെൻ തെറപ്പി (ഹിജാമ, കപ്പിങ്, മസാജ്, വെരിക്കോസ് വെയിനിനും വെരിക്കോസ് അൾസറിനും ഫലപ്രദമായ ചികിത്സ) പാലിയേറ്റിവ് കെയർ എന്നീ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.