അതിർത്തിയിലെ അസ്വാസ്ഥ്യത്തിലും രാഷ്ട്രീയ മുതലെടുപ്പ് നീക്കം ശക്തം
text_fieldsകാസർകോട്: കർണാടക അതിർത്തിയിൽ രൂപപ്പെട്ട അസ്വാസ്ഥ്യതകൾക്കിടയിലും രാഷ്ട്രീയ മുതലെടുപ്പ് നീക്കം ശക്തം. അതിർത്തി കടക്കാൻ 72 മണിക്കൂർ മുെമ്പടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് നിർബന്ധമാക്കിയ നടപടിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലാണ് പ്രചാരണം. കേരളസർക്കാറിനും സമരം നടത്തുന്ന യു.ഡി.എഫ്-എൽ.ഡി.എഫിനുമെതിരായാണ് പ്രചാരണം പൊടിപൊടിക്കുന്നത്.അതിർത്തിഗ്രാമങ്ങളിലെ ആയിരങ്ങളെ പ്രതിസന്ധിയിലാക്കിയ വിഷയത്തിൽ രണ്ടുദിവസമായി തലപ്പാടിയിൽ റോഡ് ഉപരോധിച്ചാണ് യു.ഡി.എഫ്, എൽ.ഡി.എഫ് യുവജന സംഘടനകളുടെ പ്രതിഷേധം.
കർണാടകയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മംഗളൂരുവിലാണെന്നും കാസർകോട് ജില്ലക്കാരാണ് രോഗം പരത്തുന്നതെന്നുമാണ് പ്രധാന പ്രചാരണം. അതിനാൽ, ഗുരുതര രോഗികളെപോലും തടഞ്ഞുനിർത്തി പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. കർണാടക നടപടിയിൽ ബി.ജെ.പി ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലേറെയും ബി.ജെ.പി ശക്തികേന്ദ്രങ്ങളാണ്. അതിർത്തിയിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കൺവ തീർഥ വാർഡ് ബി.ജെ.പി പ്രതിനിധിയുടേതാണ്. വോർക്കാടി, എൻമകജെ, പൈവളിഗ തുടങ്ങി പഞ്ചായത്തുകളും ബി.ജെ.പി സ്വാധീനകേന്ദ്രങ്ങളാണ്.
ഒന്നാംതരംഗ വേളയിൽ റോഡിൽ മണ്ണിട്ടും ബാരിക്കേഡ് തീർത്തും വഴിതടഞ്ഞപ്പോൾ ബി.ജെ.പി പരസ്യമായി കർണാടക സർക്കാറിനെ പിന്തുണച്ചിരുന്നു. അന്ന് യഥാസമയം ചികിത്സ കിട്ടാതെ മരിച്ച 20ഓളം പേരിൽ ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം ഭാരവാഹിയും ഉൾപ്പെട്ടിരുന്നു. ഇതിൽ ഒരു വിഭാഗം പ്രവർത്തകരും മണ്ണിട്ട നടപടിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
കാസർകോട് ജില്ലയിലുള്ളവർ ദൈനംദിന കാര്യങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ ബി.ജെ.പി അഭിപ്രായപ്രകടനമൊന്നും നടത്താത്തതെന്നാണ് സൂചന. ജനങ്ങൾക്കിടയിൽ കേരളവിരുദ്ധ വികാരം ആളിക്കത്തിച്ച് സ്പർധയുണ്ടാക്കാനാണ് കർണാടക ശ്രമിക്കുന്നെതന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് പറഞ്ഞു. സ്വന്തം ജനങ്ങളെ മാസ്ക് ധരിപ്പിക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള നിർദേശമാണ് കർണാടക ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് കടുപ്പിച്ച് കർണാടക: ആംബുലൻസിൽ പോകുന്നവർക്ക് മാത്രം ഇളവ്
മഞ്ചേശ്വരം: അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് വേണമെന്ന നിലപാടിൽനിന്ന് പിന്നോട്ട് പോകാതെ കർണാടക സർക്കാർ. തിങ്കളാഴ്ച മുതൽ കർശനമാക്കിയ നിയന്ത്രണം ചൊവ്വാഴ്ച അൽപംകൂടി കടുപ്പിച്ചു. ആശുപത്രിയിൽ ആംബുലൻസ് വഴി പോകുന്നവർക്കും പരീക്ഷക്ക് പോകുന്ന ഹാൾടിക്കറ്റ് കൈവശമുള്ളവർക്കും മാത്രമാണ് നിലവിൽ ഇളവ് അനുവദിക്കുന്നത്. ഇതൊഴിച്ചുള്ള ഒരുവിധ ആനുകൂല്യങ്ങളും നൽകേണ്ടെന്ന നിലപാടിലാണ് അധികൃതർ.ഇതിനിടയിൽ, അവശ്യസേവന ജോലിക്കായി ദിവസവും പോകേണ്ടിവരുന്നവർക്ക് ജോലിയുടെ അവസ്ഥ കണക്കിലെടുത്ത് ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് 72 മണിക്കൂറിനുപകരം ഒരാഴ്ച കാലാവധിയുള്ള നെഗറ്റിവ് റിപ്പോർട്ട് മതിയാകും. കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ തലപ്പാടിയിൽ കോവിഡ് പരിശോധനക്ക് കാസർകോട് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ സംവിധാനം ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്പൈസുമായി സഹകരിച്ചാണ് അതിർത്തിയിൽ പരിശോധന സൗകര്യം ഒരുക്കിയത്.
മംഗളൂരുവിൽ നെഗറ്റിവ് റിപ്പോർട്ട് ഇല്ലാത്തവരെ സമ്പർക്കവിലക്കിലാക്കുന്നു
മംഗളൂരു: 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് ഇല്ലാത്ത യാത്രക്കാരെ സമ്പർക്കവിലക്ക് (ക്വാറൻറീൻ) കേന്ദ്രത്തിലേക്ക് മാറ്റി മംഗളൂരു ആരോഗ്യ വകുപ്പ് അധികൃതർ. ട്രെയിനിലും ബസിലും മറ്റുമെത്തിയ കേരളീയർ ഉൾപ്പെടെയുള്ളവരെയാണ് കേന്ദ്രത്തിലേക്ക് മാറ്റിയത്.തിങ്കളാഴ്ച നെഗറ്റിവ് റിപ്പോർട്ട് കൈവശം വെക്കാത്ത 51 യാത്രക്കാരെയാണ് ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്കായി സ്രവം ശേഖരിച്ചശേഷം മംഗളൂരു ടൗൺഹാളിലേക്ക് മാറ്റിയത്. റിപ്പോർട്ട് നെഗറ്റിവ് ആകുന്നവരെ വിട്ടയക്കുമെന്നും പോസിറ്റിവ് ആകുന്നവരെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റുമെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ഹരിറാം ശങ്കർ പറഞ്ഞു.
വനിത യാത്രക്കാരുടെ സ്രവം ശേഖരിച്ചശേഷം അവരുടെ താമസസ്ഥലത്തേക്ക് പോകാൻ അനുവദിച്ചു. റിപ്പോർട്ട് ലഭിക്കുന്നതുവരെ ക്വാറൻറീനിൽ കഴിയാനാണ് നിർദേശം. പുരുഷ യാത്രക്കാരെയാണ് ടൗൺഹാളിലേക്ക് മാറ്റിയത്.കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽ നിന്നും ട്രെയിനുകളിലെത്തുന്ന യാത്രക്കാർക്ക്, 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കർണാടക നിർബന്ധമാക്കിയിരുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ കടുത്ത പരിശോധനയാണ് ചൊവ്വാഴ്ചയും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.