കന്നട സംസാരിക്കുന്ന കാസർകോട് ജില്ലയിലുള്ളവർക്ക് വിവിധ പദ്ധതികളുമായി കർണാടക സർക്കാർ
text_fieldsകാസർകോട്: കർണാടകക്കെന്താ കാസർകോട്ട് കാര്യം എന്ന് ചോദിക്കാൻ വരട്ടെ. കാസർകോട്ടാണ് ഇപ്പോ കർണാടകക്ക് ഏറെ ചെയ്യാനുള്ളത്. കാസർകോട് ജില്ലയിലെ കന്നട സംസാരിക്കുന്നവരുടെ കാര്യത്തിൽ അതിശ്രദ്ധയാണ് കർണാടക സർക്കാർ പുലർത്തുന്നത്.കന്നട മുഖ്യഭാഷയായി പഠിക്കുന്നവർക്ക് സ്കോളർഷിപ്പും പഠനോപകരണങ്ങളും നൽകുന്നതിനു പിന്നാലെ വലിയ പ്രോജക്ടുകൾ തന്നെ കർണാടക ഏറ്റെടുക്കാൻ തുടങ്ങി. കന്നട മീഡിയത്തിലുള്ള സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് കർണാടക സർക്കാർ. സ്കൂളുകളുടെ പട്ടിക നൽകിയാൽ ക്ലാസ്റൂമുകൾ ഒരുക്കിത്തരാമെന്നാണ് കർണാടക സർക്കാറിെൻറ വാഗ്ദാനം.
അധികം വൈകാതെ കർണാടക വിലാസം ക്ലാസ്മുറികൾ ജില്ലയിലും ഒരുങ്ങും. തഹസിൽദാർമാർ, പൊതുമരാമത്ത് അസി. കമീഷണർമാർ, എക്സിക്യൂട്ടിവ് എൻജിനീയർമാർ തുടങ്ങിയവർ അതിർത്തിപ്രദേശങ്ങളിലെ പ്രശ്നങ്ങളിൽ അതിശ്രദ്ധ പുലർത്താനും അവിടം സന്ദർശിക്കാനുമാണ് കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റിയുടെ നിർദേശം. കന്നട സംസാരിക്കുന്നവരെ കേരള സർക്കാർ അവഗണിക്കുന്നുവെന്ന പരാതിയിൽനിന്നാണ് അയൽസംസ്ഥാനത്തിെൻറ സഹായം. സപ്തഭാഷ സംഗമമെന്ന് കാസർകോടിനെ വിശേഷിപ്പിക്കുേമ്പാഴും ഭാഷാന്യൂനപക്ഷങ്ങൾ പരാതികളുടെ പെരുമഴയാണ് തീർക്കുന്നത്.
ഭാഷാപ്രേമം, അതിലേറെ രാഷ്ട്രീയം
കന്നട സംസാരിക്കുന്നവർക്ക് കൈനിറയെ സഹായം നൽകാൻ അതിർത്തി കടന്നുവരുന്നതിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഭാഷാന്യൂനപക്ഷങ്ങളെ കേരള സർക്കാർ അവഗണിക്കുന്നുവെന്നാണ് പ്രധാന പ്രചാരണം. കന്നട ഭാഷ സംസാരിക്കുന്നവർ ഒട്ടേറെയുണ്ടായിട്ടും സർക്കാർ ഉത്തരവുകൾ എല്ലാം മലയാളത്തിലാക്കിയതിൽ ഇവർക്ക് കടുത്ത എതിർപ്പുണ്ട്. വോട്ടർപട്ടിക, ആധാർ, ആധാരം, പഞ്ചായത്ത്-വില്ലേജ് സർട്ടിഫിക്കറ്റുകൾ എന്നിവയിലെല്ലാം കന്നട പേരുകൾ തെറ്റിക്കുന്നത് മനപ്പൂർവമാണെന്നും ഇവർ പരാതിപ്പെടുന്നു.
ഭരണഭാഷ മലയാളത്തിലാക്കിയതോടെ സർക്കാർ ഉത്തരവുകൾ ഇവർക്ക് മനസ്സിലാക്കാൻ മാർഗമില്ലെന്നും പരാതിയുണ്ട്. ഇതെല്ലാം ബി.ജെ.പി മുതലെടുക്കുകയാണെന്ന് മറ്റ് രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു. ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല കലക്ടർ അധ്യക്ഷനായ സമിതി നിലവിലുണ്ട്. അവിടെ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നും കർണാടക സഹായത്തിൽ രാഷ്ട്രീയമൊന്നുമില്ലെന്നും കർണാടക സമിതി ചൂണ്ടിക്കാട്ടി.
അതേസമയം, ഭരണഭാഷ മലയാളത്തിലാണെങ്കിലും അറിയിപ്പുകളെല്ലാം കന്നട ഭാഷയിൽ നൽകുന്നതായും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കർണാടകയുടെ ആദ്യ രാഷ്ട്രകവി എം. ഗോവിന്ദപൈയുടെ പേരിൽ മഞ്ചേശ്വരത്തെ സ്മാരകം 'ഗിളിവിണ്ടു' കേരള-കർണാടക സർക്കാറുകൾ സംയുക്തമായാണ് നിർമിച്ചത്.
കന്നട മാധ്യമത്തിൽ 44000 കുട്ടികൾ
ജില്ലയിൽ കന്നട മാധ്യമത്തിൽ ഏകദേശം 44000 കുട്ടികൾ പഠിക്കുന്നുവെന്നാണ് കണക്ക്. കന്നട മാധ്യമത്തിൽ മാത്രമായി 75 സ്കൂളുകളുണ്ട്. കന്നട, മലയാളം മാധ്യമങ്ങളിലായി 111ഉം സ്കൂളുകൾ ജില്ലയിലുണ്ട്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലാണ് കന്നട സ്കൂളുകൾ കൂടുതൽ. അതിർത്തി ഗ്രാമങ്ങളിൽ മലയാളമേയില്ല. വോർക്കാടി, മീഞ്ച പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷവും കന്നട സ്കൂളുകൾ. ഏകദേശം 1400 അധ്യാപകരും കന്നടികരായുണ്ട് എന്നാണ് കർണാടക സമിതിയുടെ കണക്ക്.
മറ്റൊരു സംസ്ഥാനത്ത് നേരിട്ട് സഹായം നൽകുന്നതിന് കർണാടക സർക്കാറിന് പരിമിതിയുണ്ട്. അതിനാൽ, സന്നദ്ധ സംഘടനകളുടെ വിലാസത്തിലാവും സഹായങ്ങൾ നൽകുക. സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്റൂമുകൾ ഒരുക്കുന്നതിനും പരിമിതികളേറെ. എയ്ഡഡ് സ്കൂളുകളാവും പദ്ധതി നടപ്പാക്കാൻ തിരഞ്ഞെടുക്കുകയെന്നാണ് സൂചന. കന്നട മാധ്യമത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കാവും മുൻഗണന നൽകുക. കാസർകോട് ജില്ലയിൽ ഭാഷാന്യൂനപക്ഷങ്ങളിൽ ഏറ്റവും പ്രബലർ തുളു സംസാരിക്കുന്നവരാണ്. കന്നട, കൊങ്കിണി, മറാഠി, ഉർദു ഭാഷകൾ സംസാരിക്കുന്നവരാണ് മറ്റുള്ളവർ. തുളുവിന് ലിപിയില്ലാത്തതിനാൽ ഇവരെല്ലാം കന്നട മാധ്യമത്തിലാണ് പഠനം. മറ്റ് ഭാഷാന്യൂനപക്ഷക്കാരും കന്നടയിൽ തന്നെയാണ് പഠിക്കുന്നത്. ഇതെല്ലാം കന്നടയുടെ കണക്കിലാണ് വരുന്നത്.
പട്ടിക തന്നാൽ സ്മാർട്ട് ക്ലാസ് റൂം
ജില്ലയിലെ നാലോ അഞ്ചോ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം ഒരുക്കിത്തരാമെന്നാണ് കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റിയുടെ ഏറ്റവും പുതിയ നിർദേശം.കന്നട മാധ്യമത്തിലുള്ള സ്കൂളുകളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. കന്നട പഠിക്കുന്നവർക്ക് വിവിധ സഹായങ്ങൾ നൽകുന്നുണ്ടെങ്കിലും സ്മാർട്ട് ക്ലാസ് റൂം ഒരുക്കിത്തരാമെന്ന വാഗ്ദാനം ആദ്യമാണെന്ന് കർണാടക സമിതി പ്രസിഡൻറ് അഡ്വ. ബെള്ളക്കുറായ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇത്തരം സ്കൂളുകളുടെ പട്ടിക തയാറാക്കി അതോറിറ്റിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി കർണാടക സർക്കാറിെൻറ സഹായം ജില്ലയിലുള്ളവർക്ക് ലഭിക്കുന്നുണ്ട്. കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റശേഷം ഇത്തരം സഹായങ്ങൾ വർധിപ്പിച്ചു. എം.എ കന്നടക്ക് പഠിക്കുന്ന വിദ്യാർഥിക്ക് 8000 രൂപവരെയാണ് സ്കോളർഷിപ് നൽകുന്നത്. എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഉയർന്ന മാർക്ക് നേടുന്നവർക്ക് പ്രോത്സാഹന സമ്മാനം വേറെ. വിദ്യാർഥികൾക്ക് ബാഗ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും എല്ലാവർഷവും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.