ദുരിതബാധിത മേഖലയിൽ വർണക്കൂട്ട് പദ്ധതി
text_fieldsകാസർകോട്: ജില്ലയിൽ എൻഡോസൾഫാൻ വിഷമഴ വർഷിച്ച് ദുരിതം വിതച്ച മേഖലകളിലെ 10 മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളിൽ വർണക്കൂട്ട് പദ്ധതി നടപ്പാക്കുന്നു.
മൂളിയാർ ഗ്രാമ പഞ്ചായത്തിലെ തണൽ ബഡ്സ് സ്കൂളിന്റെ ചുമരുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ഒരുക്കിയത്. അക്ഷരങ്ങൾക്കും അക്കങ്ങൾക്കുമൊപ്പം മൃഗങ്ങളും പൂക്കളും സസ്യലതാദികളും വൈവിധ്യമാർന്ന നിറങ്ങളിൽ ഭിന്നശേഷിക്കുട്ടികളോട് സംവദിക്കുന്ന വിധമാണ് വർണക്കൂട്ട് പദ്ധതി.
ഭിന്നശേഷിക്കുട്ടികൾക്ക് ഏറെ സഹായകരമാവുന്നതാണ് പദ്ധതി. നാടും വീടും എല്ലാം വർണചിത്രങ്ങളിലൂടെ പുനർജനിക്കുകയാണ് ഇവിടെ. കേരളത്തിലെ യുവ കലാകാരന്മാർ സൗജന്യമായാണ് വർണക്കൂട്ട് പദ്ധതിയുടെ ഭാഗമായി ചുമരുകൾ അലങ്കരിക്കുന്നത്.
ജില്ല ഭരണകൂടം കേരള സാമൂഹിക സുരക്ഷാ മിഷന്റെയും ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കലക്ടർ എസ്. ശശിധരൻ പിള്ളയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹിക സുരക്ഷ മിഷൻ ജില്ല കോഓഡിനേറ്റർ ജിഷോ ജെയിംസിനാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.
ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷൻ സി.ഇ.ഒ അഫ്സൽ മുഹമ്മദ്, ചീഫ് ടെക്നിക്കൽ ഓഫിസർ ജാസിം ഉമ്മർ, ചീഫ് ഓപറേറ്റിങ് ഓഫിസർ ആദർശ് എന്നിവർ സാങ്കേതിക സഹായം ലഭ്യമാക്കുന്നു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. മിനി, സ്കൂൾ പ്രിൻസിപ്പൽ കെ. സുമ, ജീവനക്കാർ, മാതാപിതാക്കൾ എന്നിവർ പിന്തുണയുമായി മുഴുവൻ സമയവും ഒപ്പമുണ്ട്.
തുടർന്നുള്ള ആഴ്ചകളിൽ ബാക്കിയുള്ള ബഡ്സ് സ്കൂളുകളിലും ചുമർ ചിത്രങ്ങൾ പൂർത്തിയാക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.