കാസർകോട് ജില്ലയിലെ വാഴ്സിറ്റി കാമ്പസുകൾ വികസിപ്പിക്കാൻ മുഖ്യമന്ത്രിക്ക് എം.എൽ.എമാരുടെ നിവേദനം
text_fieldsകാസർകോട്: കണ്ണൂർ സർവകലാശാലക്ക് കീഴിലുളള ജില്ലയിലെ നീലേശ്വരം, കാസർകോട്, മഞ്ചേശ്വരം കാമ്പസുകളുടെ സമഗ്ര വികസനത്തിന് ജില്ലയിലെ അഞ്ച് എം.എൽ.എമാർ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സംയുക്ത നിവേദനം നൽകി. ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, എം. രാജഗോപാൽ, എ.കെ.എം. അഷ്റഫ് എന്നിവരെ കൂടാതെ ജില്ലയിൽ നിന്നുള്ള കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ, പ്രോ. വൈസ്ചാൻസലർ എ. സാബു എന്നിവരും ഒപ്പുവെച്ചവരിൽ ഉൾപെടുന്നു.
ജില്ലയിലെ മുതിർന്ന അംഗം ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒറ്റ നിവേദനമാണ് നൽകിയത്. ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ അക്കാദമിക് ബ്ലോക്കുകളും അടിസ്ഥാന സൗകര്യങ്ങളും പുതിയ കോഴ്സുകളും അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മാനവ വികസന സൂചികകളിൽ സംസ്ഥാന ശരാശരിയെക്കാൾ വളരെ താഴെയാണ് കാസർകോട് ജില്ല.
പുതിയ നാലുവർഷ ബിരുദപ്രോഗ്രാം നടപ്പാക്കുമ്പോൾ ജില്ലക്ക് പ്രത്യേക പരിഗണനയും വികസനത്തിന് പാക്കേജും അനിവാര്യമാണ്. നീലേശ്വരം കാമ്പസിൽ ഹിന്ദി, മലയാളം എന്നീ പിജി കോഴ്സുകളും കോമേഴ്സ് എന്ന അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എം. കോം പ്രോഗ്രാമും സ്വാശ്രയ കോഴ്സ് ആയ എം.ബി.എയെയും ആണ് നിലവിലുള്ളത്. ഇതിൽ അഞ്ചു വർഷത്തെ എം.കോം പ്രോഗ്രാമിന് ഏഴ് അധ്യാപക തസ്തികകൾ വേണം. നീലേശ്വരം കാമ്പസിൽ പുതിയ അക്കാദമിക് ബ്ലോക്കും അടിസ്ഥാന സൗകര്യങ്ങളും പുതിയ കോഴ്സുകളും അനുവദിക്കണം.
ജില്ലയിലെ മൂന്ന് കാമ്പസുകളിലുമായി ആറ് സ്ഥിരം അധ്യാപകർ മാത്രമാണ് ഉള്ളത്. ഇത് വർധിപ്പിക്കണം. കാസർകോട് കാമ്പസിൽ സ്വാശ്രയ ബി.എഡ് കോഴ്സും, ഭാഷാ വൈവിധ്യപഠനം എന്നിവയാണുള്ളത്. ഇതിൽ ഭാഷാ വൈവിധ്യപഠന കേന്ദ്രത്തിന് ഒരു ഡയറക്ടർ തസ്തിക വേണം.
കാസർകോട് കാമ്പസിന്റെ നിലവിലുള്ള അക്കാദമിക് ബ്ലോക്കിന്റെ നവീകരണം, പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ നവീകരണം എന്നിവയും ഭാഷാ വൈവിധ്യപഠന കേന്ദ്രത്തിന് അക്കാദമിക് ബ്ലോക്കും ആവശ്യമാണ്. മഞ്ചേശ്വരം കാമ്പസിൽ ഉള്ളത് 60എൽ.എൽ.ബി സീറ്റ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കൂടി പരിഗണിച്ചാൽ 66 കുട്ടികൾക്ക് അവിടെ പഠിക്കാൻ സാധിക്കും.
രണ്ട് നിയമപഠന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു അധ്യാപക തസ്തിക പോലും അവിടെയില്ല. അത് പരിഹരിക്കുകയും എൽ.എൽ.ബി, എൽ.എൽ.എം വകുപ്പുകൾക്ക് ഏഴ് അധ്യാപക തസ്തികകൾ അനുവദിക്കുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവ അനുഭാവപൂർവം പരിഗണിക്കാം എന്ന് മുഖ്യമന്ത്രി അറിയിച്ചതായി സൂചിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഈ മൂന്ന് കാമ്പസുകളിലും അടുത്തവർഷം തൊട്ട് നാലുവർഷ ബിരുദകോഴ്സുകളും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. അശോകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.