വാഹനങ്ങൾക്കും ശ്മശാനമോ? സർക്കാറിന് നഷ്ടം ലക്ഷങ്ങൾ
text_fieldsമൊഗ്രാൽ: കുമ്പളയടക്കം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പരിസരത്ത് കൂട്ടിയിട്ട് മണ്ണിനോടുചേർന്ന് നശിക്കുന്നത് ആയിരക്കണക്കിന് കസ്റ്റഡിവാഹനങ്ങൾ. കഴിഞ്ഞ രണ്ടുമൂന്ന് വർഷം ജില്ല ഭരണകൂടത്തിന്റെ ഇടപെടലുകളെ തുടർന്ന് ജില്ലയിൽ ആയിരത്തിന് താഴെ വാഹനങ്ങളാണ് ലേലംചെയ്ത് വിറ്റത്. ഇതുവഴി ഖജനാവിലേക്ക് ലക്ഷങ്ങളാണ് ലഭിച്ചതും. ലേലംവിളിയിൽ തുടർനടപടികളില്ലാത്തത് കാരണം സർക്കാറിനാകട്ടെ ലക്ഷങ്ങളുടെ നഷ്ടവും.
മണ്ണിനോടുചേർന്ന വാഹനങ്ങൾ ആക്രിക്കച്ചവടക്കാർപോലും എടുക്കാത്ത അവസ്ഥയിലായിട്ടുണ്ട്.വിവിധ കേസുകളിൽപെട്ടതും പിടിച്ചെടുത്തതുമായ വാഹനങ്ങൾ, അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങൾ, അപകടത്തിൽപെട്ട് പാടേ തകർന്ന വാഹനങ്ങൾ, ഉപേക്ഷിച്ചുപോയ വാഹനങ്ങൾ എന്നിങ്ങനെയാണ് പൊലീസ് സ്റ്റേഷനുകളിലും പരിസരത്തുമായി കുന്നുകൂടിക്കിടക്കുന്നത്. ഇതിൽ ടിപ്പർ ലോറികൾ, കാറുകൾ, ഓട്ടോകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് ഏറെയും.
പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന ഇത്തരം വാഹനങ്ങൾ ലേലംചെയ്ത് നീക്കംചെയ്യാൻ സംസ്ഥാനത്ത് ആദ്യമായി ഇ-ലേലം നടത്തിയത് കാസർകോട് ജില്ലയിലാണ്. 2019ൽ അന്നത്തെ കലക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ ആശയത്തിലായിരുന്നു ലേലനടപടികൾ. ഇതിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കാലവർഷം അടുത്തെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്താൻ ഇത്തരത്തിൽ കസ്റ്റഡിവാഹനങ്ങളുടെ ലേലനടപടികൾ തുടരണമെന്നാണ് നാട്ടുകാർ പറയുന്നത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങളുടെ ‘ശ്മശാനം’ ഇഴജന്തുക്കളുടെ താവളമായിമാറുന്നത് തൊട്ടടുത്ത കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണിയാവുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.