യാത്രാ ദുരിതമേറ്റി സർവിസ് റോഡുകളിൽ വാഹനങ്ങൾ നിർത്തുന്നു
text_fieldsമൊഗ്രാൽ: ഇടുങ്ങിയ സർവിസ് റോഡുകളിൽ സമീപത്തായി നിർമിച്ച സ്ലാബിന് മുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും കാൽനടയാത്രക്കാർക്കും ദുരിതമാവുന്നുവെന്ന് പരാതി. തലപ്പാടി മുതൽ കാസർകോടുവരെയുള്ള സർവിസ് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം ഗതാഗതസ്തംഭനത്തിന് വഴിവെക്കുന്നു.
ഇടുങ്ങിയ, സർവിസ് റോഡുകളാണ് എല്ലായിടത്തും. സർവിസ് റോഡിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ വ്യാപക പരാതിയുമുണ്ട്. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. ഇതിനകം സർവിസ് റോഡിൽമാത്രം മൂന്നോളം പേർ വാഹനാപകടത്തിൽ മരിക്കുകയും ചെയ്തിട്ടുണ്ട്.
സർവിസ് റോഡിൽ മുന്നിലുള്ള വാഹനത്തെ മറികടന്ന് പോകാനുള്ള രീതിയിലാണ് കൾവർട്ടിന്റെ മുകളിൽ സ്ലാബ് നിർമിച്ചിരിക്കുന്നത്. ഇവിടെയാണ് കാറും ഇരുചക്രവാഹനങ്ങളും പലപ്പോഴും നിർത്തിയിടുന്നത്. ഇത് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് വഴിമുടക്കുന്ന അവസ്ഥയുണ്ടാവുന്നു.
ഇതുമൂലം അടിയന്തര ചികിത്സക്ക് ആശുപത്രികളിൽ എത്തേണ്ട രോഗികളും ഗർഭിണികളും ഗതാഗതകുരുക്കിൽപെടുന്നത് ഏറെ ദുരിതമാവുന്നുണ്ട്.
സർവിസ് റോഡിൽ വാഹനങ്ങളുടെ എൻജിൻ തകരാറിലായാൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെടുന്നത്. നിലവിൽ ദേശീയപാത അതോറിറ്റി വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ സർവിസ് റോഡുകളുടെ വീതികൂട്ടി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.