കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
text_fieldsപൈവളിഗെ: കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി ചൊവ്വാഴ്ച വിധിപറയും. പൈവളിഗെ സുദമ്പളയിലെ ഉദയനാണ് (45) പ്രതി. ജില്ല അഡീഷനല്‍ സെഷന്‍സ് (മൂന്ന്) കോടതിയാണ് വിധിപറയുന്നത്.
മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിലെ പൈവളിഗെ സുദമ്പള രേവതി (60), വിട്ടല (75), ബാബു (68), സദാശിവ (50) എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ നടപടികൾ പൂര്‍ത്തിയായതോടെയാണ് കേസ് ചൊവ്വാഴ്ച വിധി പറയുന്നത്.
2020 ആഗസ്റ്റ് മൂന്നിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഉദയന്‍ കുടുംബപരമായ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനാവുകയും വരാന്തയില്‍ ഇരിക്കുകയായിരുന്ന നാലുപേരെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. മാതാവ് ലക്ഷ്മിയെയും ഉദയന്‍ വെട്ടാന്‍ ശ്രമിച്ചിരുന്നു.
ലക്ഷ്മി ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഇവരുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെയാണ് നാലുപേരെയും മൃതദേഹങ്ങള്‍ വീട്ടിലെ ഓരോ മുറികളിലായി കണ്ടെത്തിയത്.
വിട്ടലയും ബാബുവും സദാശിവയും ഉദയന്റെ അമ്മാവന്മാരും രേവതി മാതൃസഹോദരിയുമാണ്. ഉദയന്റെ മാതാവ് അടക്കമുള്ളവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രതിയെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരെയും കോടതി വിസ്തരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.