നോവനുഭവിക്കുന്നവർ ഒത്തുചേർന്നു; സങ്കടങ്ങൾ പങ്കിട്ട് എൻഡോസൾഫാൻ കൺവെൻഷൻ
text_fieldsകാസർകോട്: സർക്കാറിന്റെ കണക്കുപുസ്തകത്തിൽ നിന്നും പുറത്തായെങ്കിലും അവരിപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. മനസ്സിന്റെ അകത്തളത്തിൽ എവിടെയോ നേരിയ പ്രതീക്ഷ അവശേഷിക്കുന്ന മനസ്സുമായാണ് അവരെത്തിയത്. സർക്കാറിന്റെ അവഗണനയിൽ ദുരിതക്കടൽ താണ്ടുന്ന ഏഴുന്നൂറോളംപേർ പങ്കെടുത്ത ജനകീയ കൺവെൻഷനിൽ സങ്കടങ്ങൾ പെയ്തു.
എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തി കാരണമില്ലാതെ പുറത്താക്കപ്പെട്ടവരാണ് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ജനകീയ കൺവെൻഷനിൽ ഒത്തുചേർന്നത്. 2017ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെട്ടെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടവരുടെ കൂട്ടായ്മയായി കൺവെൻഷൻ. ഗുരുതരാവസ്ഥയിലുള്ളവരടക്കം ജില്ലയുടെ പലഭാഗത്തു നിന്നും അമ്മമാരും മക്കളുമെത്തി.
പട്ടികയിൽനിന്നും കാരണമില്ലാതെ പുറത്താക്കിയ ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യമാണ് കൺവെൻഷൻ ഉന്നയിച്ചത്. കൺവെൻഷനിൽ പങ്കെടുത്ത പലരും പട്ടികയിൽ ഇല്ലാത്ത കാര്യം അറിഞ്ഞിരുന്നില്ല. സംഘാടകർ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തി. നേരത്തെ കിട്ടിയിരുന്ന ചികിത്സപോലും കിട്ടാത്തത് ചിലർ ചൂണ്ടിക്കാട്ടി.
2017ഏപ്രിൽ മാസത്തിൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലുടെ 1905എൻഡോസൾഫാൻ ദുരിതബാധിതരെയാണ് കണ്ടെത്തിയിരുന്നത്.
എന്നാൽ ഇത് പിന്നീട് 287 ആക്കി ചുരുക്കി. ഇതിനെതിരെ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ദുരിതബാധിതർ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായി പട്ടിക പുന:പരിശോധിക്കുകയും 76 പേരെ പട്ടികയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
അപ്പോഴും ലിസ്റ്റ് ചെയ്യപ്പെട്ട 1,542 ദുരിതബാധിതർ ലിസ്റ്റിൽ നിന്ന് പുറത്ത് തന്നെയായിരുന്നു. ഈയൊരാവശ്യം ഉന്നയിച്ചാണ് 2019 ജനുവരി 30ന് സെക്രട്ടറിയേറ്റിനു മുമ്പിൽ അമ്മമാർ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത്.
ഈ സമരത്തിന്റെ ഒത്തുതീർപ്പ് ഫലമായി 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പട്ടികയിൽ ചേർക്കാൻ ധാരണയായി. ഇതിലൂടെ പതിനെട്ട് വയസിൽ താഴെയുള്ള 511 കുട്ടികൾ കൂടി ലിസ്റ്റിൽ ഇടം നേടി. അപ്പോഴും നേരത്തെ ക്യാമ്പിലൂടെ കണ്ടെത്തിയ 1031 പേർ ലിസ്റ്റിനു പുറത്തായി. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
അവകാശങ്ങൾ നേടിയെടുക്കാൻ പോരാട്ടങ്ങളെല്ലാതെ മറ്റു വഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. നാളിതുവരെ നേടിയതെല്ലാം ജീവന്മരണ പ്രക്ഷോഭങ്ങളിലൂടെയാണെന്നും അല്ലാതെ ഭരണകൂടത്തിന്റെ ഔദാര്യമായല്ലെന്നും സുരേന്ദ്രനാഥ് ഓർമ്മിപ്പിച്ചു. തെറ്റുചെയ്യാതെ നോവനുഭവിക്കുന്ന മനുഷ്യർക്കു വേണ്ടി പൊതുസമൂഹം ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.കെ. അജിത അധ്യക്ഷത വഹിച്ചു. സുലോചന മാഹി, സുബൈർ പടുപ്പ്, സുലേഖ മാഹിൻ, ശോഭന നീലേശ്വരം, ഫറീന കോട്ടപ്പുറം, മേരി സുരേന്ദ്രനാഥ്, താജുദ്ദീൻ പടിഞ്ഞാറ്, പ്രേമചന്ദ്രൻ ചോമ്പാല, കരീം ചൗക്കി, സി.എച്ച്. ബാലകൃഷ്ണൻ, ഹമീദ് ചേരങ്കൈ, കദീജ മൊഗ്രാൽ, രവീന്ദ്രൻ നീലേശ്വരം, തമ്പാൻ പുതുക്കൈ എന്നിവർ സംസാരിച്ചു. പി. ഷൈനി സ്വാഗതവും അജിത പിലിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.