വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ ഓഫിസിൽ കൈക്കൂലി നൽകാൻ ഏജന്റുമാർക്ക് പ്രത്യേക ക്യൂ; വിജിലൻസ് റെയ്ഡിൽ പിടികൂടിയത് വൻ തുക
text_fieldsകാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ ഓഫിസിൽ വിജിലൻസ് റെയ്ഡ്. മോട്ടോർ വെഹികിൾ ഇൻസ്പെക്ടറിൽനിന്നും ആറ് ഏജന്റുമാരിൽനിന്നും പണം പിടിച്ചു.
ഡിവൈ.എസ്.പി കെ.വി. വേണുഗോപാലും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ആർ.ടി.ഒ ഓഫിസിൽ നടക്കുന്ന വൻ തട്ടിപ്പ് കണ്ടെത്തിയത്. എം.വി.ഐയുടെ കൈയിൽനിന്ന് അനധികൃതമായി കണ്ട 7,130 രൂപയും ഇദ്ദേഹത്തിന്റെ കാബിനിൽ കൈക്കൂലി നൽകാനെത്തിയ ആറ് ഏജൻറുമാരിൽനിന്ന് 45,140 രൂപയും പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൈക്കൂലി നൽകാൻ ഏജന്റുമാർ ക്യൂ നിൽക്കുന്ന അപൂർവ കാഴ്ചയാണ് ആർ.ടി.ഒ ഓഫിസിൽ വിജിലൻസിന് കണ്ടത്. വെള്ളിയാഴ്ച നടന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്തവരെ വിജയിപ്പിച്ചതിന് കൈക്കൂലി നൽകാൻ എത്തിയതായിരുന്നു ഏജന്റുമാർ. വെള്ളിയാഴ്ച 70ഓളം ആളുകളാണ് ടെസ്റ്റിന് ഹാജരായത്. എല്ലാവരും വിവിധ ഡ്രൈവിങ് സ്കൂളുകാരുടെ ആളുകളായാണ് എത്തിയത്.
ടെസ്റ്റിന് നേരിട്ടെത്തുന്നവരെ പല കാരണങ്ങൾ പറഞ്ഞ് ടെസ്റ്റ് തോൽപിക്കുന്നത് പതിവാണെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതുമൂലം ആളുകൾ ഡ്രൈവിങ് സ്കൂളുകളുടെ കീഴിൽ മാത്രമേ ടെസ്റ്റിന് ഹാജരാകാറുള്ളൂ. ഓരോ ആളിൽനിന്ന് 500 രൂപ വീതം കൈക്കൂലി നൽകേണ്ടിവരുന്നു.
വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് ഗ്രൗണ്ടിൽ വെച്ച് വാഹനങ്ങൾ പരിശോധിച്ചാണ്. ഇവക്കൊക്കെയും കൈക്കൂലി നൽകുന്നതിനാണ് പണവുമായി ഏജന്റുമാർ ഓഫിസിലെത്തിയതെന്നാണ് വിജിലൻസ് നിഗമനം.
രാവിലെതന്നെ വിജിലൻസ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ട് മുതൽ രഹസ്യമായി പിന്തുടർന്നാണ് പണം പിടികൂടിയത്. വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന് പുറമെ പരിശോധനയിൽ സബ് ഇൻസ്പെക്ടർ വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ. രഞ്ജിത് കുമാർ, സിവിൽ പൊലീസ് ഓഫിസർ കെ. പ്രമോദ് കുമാർ, ടി.വി. രതീഷ്, ജില്ല പ്ലാനിങ് ഓഫിസിലെ അസിസ്റ്റൻറ് ടൗൺ പ്ലാനർ പി.വി. ബൈജു എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.