മരംമുറിയിൽ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്
text_fieldsകാസര്‍കോട്: ജനറല്‍ ആശുപത്രി വളപ്പിലെ മരംമുറിയില്‍ വൻ ക്രമക്കേടെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. മുറിക്കുന്ന മരങ്ങളുടെ എണ്ണം മുതൽ നടപടി ക്രമങ്ങളിൽ വരെ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്റെ മറവിലാണ് മൂന്ന് തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചത്. ടെൻഡർ നടപടി പൂർത്തീകരിക്കുന്നതിനു മുമ്പാണ് ഒന്നരലക്ഷത്തിലധികം വിലവരുന്ന മരം മുറിച്ചത്. മരംമുറിക്കായി നഗരസഭക്ക് സമർപ്പിച്ച് മൂന്ന് ക്വട്ടേഷനുകളും ഒരേ ഉറവിടത്തിൽനിന്നാണ് തയാറാക്കിയതെന്നും കണ്ടെത്തി. ഒരേ കൈയക്ഷരത്തിലാണ് മൂന്ന് ക്വട്ടേഷനുകളും. ഒറ്റനോട്ടത്തിൽ ഇത് വ്യക്തമാവുമെങ്കിലും തള്ളാതെ അപേക്ഷ സ്വീകരിച്ചു. ഇതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി.
പഴയ അലൈന്‍മെന്‍റ് പ്രകാരം അഞ്ച് മരങ്ങളാണ് മുറിക്കേണ്ടിയിരുന്നത്. ഈ പട്ടികയാണ് ആശുപത്രി സൂപ്രണ്ട് കാസര്‍കോട് നഗരസഭക്ക് നല്‍കിയിരുന്നത്. എന്നാല്‍, പുതിയ അലൈന്‍മെന്‍റ് പ്രകാരം മുറിക്കേണ്ടത് ഒരു മരമാണ്. ഈ വിവരം മറച്ചുവെച്ചാണ് കരാറുകാരന്‍ അഞ്ച് മരങ്ങള്‍ മുറിച്ചു കടത്തിയത്.
അനധികൃതമായി മരംമുറിക്കുന്നത് അറിഞ്ഞിട്ടും തടസ്സപ്പെടുത്താൻ നഗരസഭയോ ജനറൽ ആശുപത്രി അധികൃതരോ മെനക്കെട്ടില്ല. എല്ലാ ക്വട്ടേഷനുകളും നൽകിയത് ഒരാൾ തന്നെയായതിനാലാണ് കരാറുകാരൻ മരംമുറിക്കാൻ ധൈര്യപ്പെട്ടതെന്നാണ് സൂചന. റോഡ് വികസനത്തിന് മരംമുറിക്കാൻ തീരുമാനിച്ചത് അറിയാവുന്നതിനാൽ ആശുപത്രി സൂപ്രണ്ടിനും സംശയമൊന്നും തോന്നിയില്ല. ടെൻഡർ നടപടി പൂർത്തിയായില്ലെന്നറിഞ്ഞ ശേഷമാണ് ആശുപത്രി സൂപ്രണ്ട് ടൗൺ പൊലീസിൽ കരാറുകാരനെതിരെ പരാതി നൽകിയത്. സർക്കാർ ഭൂമിയിലെ മരംമുറിയിൽ പാലിക്കേണ്ട നടപടികൾ ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർക്കും വീഴ്ച സംഭവിച്ചു. വെറും നിഗമനങ്ങളിലാണ് എല്ലാ കാര്യങ്ങളും നടന്നത്. വില നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം സാമൂഹ്യവനവത്കരണ വിഭാഗത്തിനായിരിക്കെ അക്കാര്യവും മറച്ചുവെച്ചു.
കാസർകോട് പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിന് കഴിഞ്ഞമാസമാണ് മരംമുറിച്ചത്. മരംമുറിക്കാൻ നഗരസഭയുടെ ട്രീ കമ്മിറ്റിയാണ് തീരുമാനിച്ചത്. വിജിലന്‍സ് റിപ്പോർട്ട് സമർപ്പിച്ചതോടെ സംഭവത്തിൽ കൂടുതൽ നടപടികളുണ്ടാവുമെന്ന് ഉറപ്പായി. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭക്കെതിരെ സി.പി.എം സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.