ഗതാഗത നിയമം ലംഘിച്ചാൽ പിടിവീഴും; ജില്ല കാമറക്കണ്ണിൽ
text_fieldsകാഞ്ഞങ്ങാട്: വാഹന നിയമലംഘകർ ജാഗ്രതൈ! ഹോസ്ദുർഗ്, വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിലെ പ്രധാന റോഡുകളിലെല്ലാം അത്യാധുനിക കാമറകൾ സ്ഥാപിച്ചുകഴിഞ്ഞതായി മോട്ടോർ വാഹന വകുപ്പ്. കാമറകളുടെ ട്രയൽ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയായി. ഒരാഴ്ചക്കുള്ളിൽ കാമറകൾ ഔദ്യോഗികമായി പ്രവർത്തിച്ചുതുടങ്ങുമെന്ന് കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 47 കാമറകളാണ് ജില്ലയിൽ ആകെ സ്ഥാപിച്ചിട്ടുള്ളത്.
20 എണ്ണം കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ടിൽ അഞ്ച്, കാസർകോട് 22 എന്നിങ്ങനെയാണ് കണക്ക്. പ്രധാന റോഡുകളിൽ സ്ഥാപിച്ച കാമറ 50 മീറ്റർ ദൂരപരിധിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒപ്പിയെടുക്കാൻ കഴിവുള്ളവയാണ്. വാഹനങ്ങളുടെ അകത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനവും കാമറ വഴി കണ്ടെത്താനാവും. അമിത വേഗം പിടികൂടുന്നതോടൊപ്പം സീറ്റ് ബെൽറ്റ് ധരിക്കാത്തവരുൾപ്പെടെ കുടുങ്ങും.
അമിത വേഗത്തിൽ ഓടിയ വാഹനം കാമറയിൽപ്പെട്ടാൽ ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസടക്കമുള്ള രേഖകൾ കൃത്യമല്ലെങ്കിൽ അതുകൂടി കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പാണ് കാമറ സ്ഥാപിക്കാൻ തുക മുടക്കിയത്. കെൽട്രോണാണ് സ്ഥാപിച്ചത്. അടുത്ത ദിവസം കാമറകളുടെ നിയന്ത്രണം മോട്ടോർ വാഹന വകുപ്പിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.