കാസർകോട്; വിസ തട്ടിപ്പ് വർധിക്കുന്നു; ജില്ലയിൽ മൂന്ന് കേസുകൾ
text_fieldsകാഞ്ഞങ്ങാട്: വിസ തട്ടിപ്പ് വർധിക്കുന്നു. ജില്ലയിൽ മൂന്ന് കേസുകൾകൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ന്യൂസിലൻഡിലേക്ക് പോകാനായി വിസ നൽകാമെന്നുപറഞ്ഞ് സുഹൃത്തുക്കളായ യുവാക്കളിൽനിന്ന് ഏഴ് ലക്ഷത്തിലേറെ രൂപ വാങ്ങി കബളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികൾക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
മലപ്പുറം വട്ടപ്പറമ്പ് കോട്ടപ്പുറത്തെ പൊന്നത്തിൽ ഹൗസിൽ അനസ്, ഹംസ എന്നിവർക്കെതിരെയാണ് കേസ്. ചെങ്കള കാനത്തിൽ ഹൗസിൽ അബ്ദുൽ റഷീദിനെയും (26) സുഹൃത്തിനെയുമാണ് കബളിപ്പിച്ചത്. ഇരുവരിൽ നിന്നും 2022 ജൂലൈ 12നാണ് പണം വാങ്ങിയത്. 7,23,400 രൂപയാണ് വാങ്ങിയത്.വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 210,000 രൂപ വാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലും കേസുണ്ട്.
ജോലി നൽകാത്തതിനെത്തുടർന്ന് വാങ്ങിയ പണം തിരിച്ചുചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സൗത്ത് തൃക്കരിപ്പൂർ ഒളവറ തലയന്റകത്ത് ഹൗസിൽ ലത്തീഫിനെയാണ് (43) കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. വിദേശത്ത് സപ്ലയർ ജോലി നൽകാമെന്ന് പറഞ്ഞാണ് 2021ൽ പണം വാങ്ങിയത്. ജൂൺ ഒന്നുമുതൽ നാലുവരെയുള്ള ദിവസങ്ങളിലാണ് പണം വാങ്ങിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും ജോലി നൽകിയില്ല. പണം തിരിച്ചുചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സജ്ന ഹൗസിൽ മുജീബ്, ചെറുവത്തൂർ കൊളയത്ത് ഹൗസിൽ കെ. ജാസ്മിൻ, ബഹദുർഷ, സബിത റായി എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
മറ്റൊരു സംഭവത്തിൽ കമ്പനിയിൽ ഷെയർ ഹോൾഡറായാൽ വലിയ ലാഭം നൽകാമെന്നുപറഞ്ഞ് വയോധികയിൽനിന്നും 90,000 രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി.
പയ്യന്നൂർ കോത്തായിമുക്ക് മുണ്ടവളപ്പിൽ നാരായണി അമ്മയെയാണ് (70) കബളിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂർ അരവഞ്ചാലിലെ കോയിത്തട്ട ഹൗസിൽ കെ. വൈശാഖ്, കെ. മിനി എന്നിവർക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു. സ്ട്രോങ് ഗ്രൂപ് ഓഫ് കമ്പനി എന്ന പേരിൽ സ്ഥാപനം തുടങ്ങുന്നുണ്ടെന്നും ഇതിൽ ഷെയർ ഹോൾഡറാകാനുമാണ് നാരായണി അമ്മയോട് പറഞ്ഞത്. 2020ലാണ് പണം വാങ്ങിയത്.
ഷെയർ ബിസിനസ് തട്ടിപ്പ്:16.50 ലക്ഷത്തിലേറെ നഷ്ടമായി
കാഞ്ഞങ്ങാട്: ഷെയർ ബിസിനസ് തട്ടിപ്പിൽ കുടുങ്ങിയ അമ്പലത്തറ സ്വദേശിക്ക് 16.5 ലക്ഷത്തിലേറെ രൂപ നഷ്ടമായി. എ. ബാബുവിനാണ് പണം നഷ്ടപ്പെട്ടത്. 16,76,000 രൂപയാണ് നഷ്ടപ്പെട്ടത്. വിദേശ ഷെയർ ബിസിനസ് കമ്പനിയാണെന്നും നിക്ഷേപിക്കുന്നവർക്ക് നല്ല ലാഭവിഹിതം ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ പരിചയപ്പെടുത്തി വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. 2023 ഡിസംബർ 19 മുതൽ 2024 ഫെബ്രുവരി 24 വരെയുള്ള കാലയളവിൽ ബാങ്കിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതിയിൽ ദിയ വർമ, അമിത് ഷാ എന്നിവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.