വീട്ടിലെ വോട്ട് ഇന്നുമുതല്‍
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര് എന്നീ വിഭാഗത്തില്‍പെട്ട അസന്നിഹിത (ആബ്സന്റീ) വോട്ടര്‍മാര്‍ക്കുള്ള വീട്ടില്‍ വോട്ട് (ഹോം വോട്ടിങ്) സംവിധാനത്തിന് ജില്ലയില്‍ വ്യാഴാഴ്ച തുടക്കം. ഏപ്രില്‍ 18 മുതൽ 23വരെയാണ് വീട്ടിലെ വോട്ട്. ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന 3687 പേര്, 85 വയസ്സിന് മുകളിലുള്ള 5467 പേരുള്‍പ്പെടെ 9154 പേരാണ് വീട്ടിലെ വോട്ടിന് അര്‍ഹരായിട്ടുള്ളത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ 690 പേരും 327 മുതിര്‍ന്ന പൗരന്മാരുമാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 456 ഭിന്നശേഷിക്കാരും 324 മുതിര്‍ന്ന പൗരന്മാരുമാണുള്ളത്.
ഉദുമ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 709, മുതിര്‍ന്ന പൗരന്മാര് 616, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 547, മുതിര്‍ന്ന പൗരന്മാര് 931, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 567, മുതിര്‍ന്ന പൗരന്മാര് 892, പയ്യന്നൂര്‍ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 419, മുതിര്‍ന്ന പൗരന്മാര് 1178, കല്യാശ്ശേരി മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 299, മുതിര്‍ന്ന പൗരന്മാര് 1199 പേരാണുള്ളത്.
മൈക്രോ ഒബ്സര്‍വര്‍, രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ്, വിഡിയോഗ്രാഫര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വീടുകള്‍ സന്ദര്‍ശിച്ചാണ് വോട്ട് രേഖപ്പെടുത്തുക. പോളിങ് ബൂത്തിലേതുപോലെ പൂര്‍ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക.
ഹോം വോട്ടിങ്ങിനായി ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ച് പുറത്തിറങ്ങുന്നതുവരെയുള്ള ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തും. വോട്ട് ചെയ്യുന്നതിനായി താൽക്കാലിക വോട്ടിങ് കമ്പാര്‍ട്മെന്റ് ഒരുക്കും.
വോട്ടുചെയ്യാന്‍ പരസഹായം ആവശ്യമുള്ള വോട്ടര്‍മാരുണ്ടെങ്കില്‍ വോട്ട് ചെയ്യുന്ന സഹായിയുടെ പ്രസ്താവന അനെക്സര്‍ 11 വാങ്ങി സൂക്ഷിക്കും. മൈക്രോ ഒബ്സെര്‍വര്‍ അതത് ടീമില്‍ നടക്കുന്ന വോട്ടിങ് കൃത്യമാണെന്ന് ഉറപ്പുവരുത്തുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. വോട്ട് ചെയ്ത തപാല്‍ ബാലറ്റുകള്‍ സീല്‍ ചെയ്ത മെറ്റല്‍ ഡ്രോപ് ബോക്സുകളില്‍ കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.