കഴിഞ്ഞ വർഷത്തെ വേതനം ലഭിച്ചില്ല; വീണ്ടുമെത്തി മൂല്യനിർണയം
text_fieldsകാസർകോട്: 2023 ഏപ്രിൽ മാസത്തിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷ പേപ്പർ മൂല്യനിർണയത്തിന്റെ പ്രതിഫലം ഇനിയും ലഭിച്ചില്ല. ഇപ്പോൾ നടക്കുന്ന പ്ലസ് ടു പരീക്ഷ അവസാനിക്കുകയാണ്. വീണ്ടും മുല്യനിർണയത്തിനായി ഒരുങ്ങുകയാണ് ഹയർസെക്കൻഡറി വിഭാഗം. മൂല്യനിർണയ കേന്ദ്രങ്ങൾക്ക് സാധാരണയായി മുൻകൂറായി തന്നെ പണം അനുവദിക്കാറുള്ളതാണ്. 2023-ൽ ഇത്തരത്തിൽ ചെറിയൊരു ശതമാനം തുക മാത്രം ആദ്യം അനുവദിച്ചു. അത് ഒന്നിനും തികയും വിധമായിരുന്നില്ല.
അതിനുശേഷം 2024 ജനുവരിയിൽ അനുവദിച്ച് വന്നതാകട്ടെ നാമമാത്രമായ തുകയും. ആകെ ചെലവായതിന്റെ 48 ശതമാനം തുക മാത്രമാണ് ഇതിനകം മൂല്യനിർണയ കേന്ദ്രം ക്യാമ്പ് ഓഫിസർമാർക്ക് അനുവദിച്ച് നൽകിയിട്ടുള്ളത്. കിട്ടിയ തുക കുറച്ച് അധ്യാപകർക്ക് നൽകിയെങ്കിലും ഭൂരിപക്ഷം അധ്യാപകർക്കും ഇപ്പോഴും വേതനം ലഭിച്ചിട്ടില്ല. ജില്ലയിൽ ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റ്, ഹോസ്ദൂർഗ്, കുട്ടമത്ത്, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയായിരുന്നു മൂല്യനിർണയ കേന്ദ്രങ്ങൾ. സ്കൂളുകളിൽ ഇതിനു മുന്നോടിയായി നടന്ന സ്കീം ഫൈനലൈസേഷന്റെയും വേതനം ഇനിയും അധ്യാപകർക്ക് നൽകാതിരിക്കുന്നത് തികച്ചും പ്രതിഷേധകരമാണെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ല എക്സി. കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സാധാരണ നിലയിൽ പേപ്പർ മൂല്യനിർണയം നടത്തി കഴിഞ്ഞാൽ ഉടൻ തന്നെ നൽകിവന്നിരുന്ന വേതനമാണ് പത്തുമാസം കഴിഞ്ഞിട്ടും നൽകാതിരിക്കുന്നത്. യോഗത്തിൽ ജില്ല പ്രസിഡന്റ് എം.ടി. രാജീവൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.