വഖഫ് ഭൂമി സർക്കാറിന് കുട്ടിക്കളി
text_fieldsസംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ കോവിഡ് ആശുപത്രിയാണ് ടാറ്റ ഗ്രൂപ് കാസർകോട് പണിതത്. 60 കോടി ചെലവിൽ 551 കിടക്കകളോടെ ഒരുക്കിയ ആശുപത്രി കഴിഞ്ഞവർഷം സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. കോവിഡ് ചികിത്സയിൽ കാസർകോടിന് മുതൽക്കൂട്ടായി മാറിയ ആശുപത്രി നിലവിൽവന്നിട്ട് ഒന്നേകാൽ വർഷം പിന്നിട്ടശേഷമാണ് ഒരു കൊടിയ വഞ്ചനയുടെ കഥയിപ്പോൾ പുറത്തുവന്നത്.
പകരം സ്ഥലം നൽകാമെന്ന വ്യവസ്ഥയിൽ വഖഫ് ഭൂമിയിലാണ് ആശുപത്രി സ്ഥാപിച്ചത്. ആ വിവരം പോലും അധികമാരുമറിയാതിരിക്കാൻ ജില്ല ഭരണകൂടം നടത്തിയത് വഴിവിട്ട കളികളും. പകരം സ്ഥലം ലഭിക്കാതായായതോടെ ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷൻ (എം.ഐ.സി) വഖഫ് ബോർഡിനെ സമീപിച്ചു. ഭൂമി തിരിച്ചുപിടിക്കാൻ വഖഫ് ബോർഡും തീരുമാനിച്ചു.
വഖഫ് ഭൂമിയിലാണ് ആശുപത്രിയെന്ന വിവരംപോലും പലരുമറിയുന്നത് ഇപ്പോഴാണ്. ചടങ്ങുകെളാന്നുമില്ലാതെയായിരുന്നു ആ കൈമാറ്റ നടപടികൾ. വിട്ടുകിട്ടുമായിരുന്ന ഭൂമി ഏറ്റെടുക്കാൻ പരിധിവിട്ട കളികൾതന്നെയാണ് ജില്ല ഭരണകൂടം നടത്തിയത്. 'പൊതുആവശ്യങ്ങൾക്കുവേണ്ടി ഏറ്റെടുക്കുക'യെന്ന ചട്ടം ഉപയോഗിച്ച് കൈയേറുകയാണ് ചെയ്തത്. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴിലാണ് ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷൻ. ഇവരുടെ 4.12 ഏക്കർ വഖഫ് ഭൂമിയാണ് സർക്കാറിനെ വിശ്വസിച്ച് ആശുപത്രിക്ക് നൽകിയത്.
ഭൂമിക്കായി ഒറ്റ ചോദ്യം, പിറ്റേന്ന് പ്രവൃത്തിയും
ഭൂമി വിട്ടുതരണമെന്ന് ഒരൊറ്റ ചോദ്യം. പിറ്റേന്ന് വൈകീട്ട് എക്സ്കവേറ്ററുമായി പ്രവൃത്തി തുടങ്ങൽ. അത്ഭുതപ്പെടേണ്ട. ഇതാണ് വഖഫ് ഭൂമി ഏറ്റെടുക്കാൻ മുൻ കലക്ടർ ഡോ.ഡി. സജിത്ത് ബാബുവിെൻറ നേതൃത്വത്തിൽ നടന്നത്. വഖഫ് ഭൂമിയുടെ സംരക്ഷണവും കൈമാറ്റവും സംബന്ധിച്ച നിയമങ്ങൾ പരിരക്ഷിക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥെൻറ നടപടിക്രമമാണിത്.
ടാറ്റ പ്രോജക്ട് ലിമിറ്റഡിെൻറ സാമൂഹികപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് കാസർകോട് കോവിഡ് ആശുപത്രി നിർമിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി പ്രഖ്യാപിച്ചയുടൻ ഭൂമി കണ്ടെത്താനുള്ള ശ്രമം ജില്ല ഭരണകൂടം തുടങ്ങി. ചട്ടഞ്ചാലിലെ റവന്യൂ ഭൂമി സന്ദർശിക്കാൻ എത്തിയപ്പോഴാണ് വഖഫ് സ്വത്തിൽ കലക്ടറുടെ കണ്ണുടക്കിയത്. റവന്യൂ ഭൂമിയോട് ചേർന്നുനിൽക്കുന്നതാണ് വഖഫ് സ്ഥലം.
കൂടുതൽ മെച്ചപ്പെട്ട സ്ഥലമെന്ന നിലക്ക് ഇതുതന്നെ സ്വന്തമാക്കണമെന്നായി ഉദ്യോഗസ്ഥർ. ഭാരവാഹികളോട് കാര്യം സംസാരിച്ചു. വഖഫ് ഭൂമിയായതിനാലുള്ള പ്രയാസം ഇവരും ചൂണ്ടിക്കാട്ടി. എല്ലാവരെയും ഞെട്ടിച്ച് പിറ്റേന്ന് എക്സ്കവേറ്റർ ഉപയോഗിച്ച് കോവിഡ് ആശുപത്രിയുടെ പ്രവൃത്തി കലക്ടറുെട നേതൃത്വത്തിൽ തുടങ്ങി. ധാരണയൊന്നുമില്ലാത്ത അസ്സൽ കൈയേറ്റം. ഇതു തടയാൻ കമ്മിറ്റിക്കാർ സ്ഥലം എം.എൽ.എ എൻ.എ. നെല്ലിക്കുന്നിനെ ഫോണിൽ ബന്ധപ്പെട്ടു. രേഖാമൂലം ലഭിച്ച പരാതി എം.എൽ.എ കലക്ടർക്ക് കൈമാറിയപ്പോഴാണ് പണി നിർത്തിയത്. എന്തിനാണ് ഇത്തരമൊരു 'സീൻ' ഉണ്ടാക്കിയതെന്നും ആർക്കുമറിയില്ല.
ജിഫ്രിതങ്ങളെ കാണാൻ കൊണ്ടോട്ടിയിലേക്ക്
വഖഫ് ഭൂമിയാണ്. ഓവറാക്കി ചളമാേക്കണ്ട എന്ന കണക്കുകൂട്ടലിൽ കലക്ടറുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിലേക്ക് രണ്ടു തവണയാണ് പോയത്. മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷൻ പ്രസിഡൻറുകൂടിയായ സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളെ കാണാനായിരുന്നു അത്.
തെക്കിൽ വില്ലേജ് ഓഫിസർ മുതൽ കലക്ടർ വരെയുള്ള ഉദ്യോഗസ്ഥ സംഘമാണ് പോയത്. 2020 ഏപ്രിൽ 17ന് കമ്മിറ്റിയും കലക്ടറും തമ്മിൽ ഉടമ്പടി ഒപ്പിട്ടു. ആ ദിവസം മുതൽ മൂന്നുമാസത്തിനകം തൊട്ടടുത്ത റവന്യൂഭൂമി കൈമാറണമെന്നാണ് ഉടമ്പടി. മൂന്നുമാസവും അതിലപ്പുറവും കഴിഞ്ഞിട്ടും ഒന്നുമില്ല. ഒടുവിൽ ഭാരവാഹികൾ വഖഫ് ബോർഡിനെ സമീപിച്ചു. ഈമാസം ഏഴിനു ചേർന്ന യോഗത്തിൽ വഖഫ് ബോർഡ് തീരുമാനമെടുത്തു, പകരം സ്ഥലമില്ലെങ്കിൽ കോവിഡ് ആശുപത്രി സ്ഥലം തിരിച്ചുപിടിക്കാമെന്ന്.
ആ വിവരം കലക്ടർക്കു നൽകിയതോടെ വിഷയത്തിൽ വഖഫ്, റവന്യൂ മന്ത്രിമാർ എല്ലാം ഇടപെട്ടു. ഉത്തരം കിട്ടാത്ത ഒരു ചോദ്യമിപ്പോഴുമുണ്ട്. അംഗൻവാടിക്ക് രണ്ട് സെൻറ് വിട്ടുകൊടുത്താൽപോലും വലിയ ചടങ്ങുകളാക്കി ആഘോഷിക്കുന്ന നാട്ടിൽ നാലേകാൽ ഏക്കർ ഭൂമി ഒരു മതസ്ഥാപനം വിട്ടുനൽകിയിട്ടും അതു രഹസ്യമാക്കിയതെന്തിന്?
സർക്കാർ ഉടമ്പടി പാലിച്ചില്ല - യു.എം. അബ്ദുൽ റഹ്മാൻ മൗലവി (ജനറൽ സെക്രട്ടറി, എം.ഐ.സി)
വഖഫ് ഭൂമി കൈമാറുേമ്പാഴുണ്ടാക്കിയ ഉടമ്പടിയൊന്നും സർക്കാർ പാലിച്ചില്ല. പകരം ഭൂമി കാണിച്ചുതന്നുവെന്നല്ലാതെ പിന്നെയൊന്നുമില്ല. ചുറ്റുമതിൽ നിർമിക്കാമെന്നതും പാലിച്ചില്ല. ഞങ്ങൾ ഉപയോഗിക്കുന്ന മോട്ടോർ പമ്പാണ് കോവിഡ് ആശുപത്രി സ്ഥലത്തുള്ളത്. പുതിയത് വാങ്ങുമെന്ന വാഗ്ദാനവും നിറവേറ്റിയില്ല.
ചെന്നിട്ടും വിളിച്ചിട്ടും മറുപടിയില്ല - ജലീൽ കടവത്ത് (സെക്രട്ടറി എം.ഐ.സി)
പകരം ഭൂമിക്ക് പലതവണ കലക്ടറെ ബന്ധപ്പെട്ടിട്ടും ഉടൻ ശരിയാക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കലക്ടറേറ്റ് പലതവണ കയറിയിറങ്ങി. വരേണ്ട വിളിച്ചാൽ മതിയെന്നായി കലക്ടർ. അവസാനം വിളിക്കും കൃത്യമായ ഉത്തരമില്ലാതായി. അങ്ങനെയാണ് വിവരം വഖഫ്ബോർഡിനെ അറിയിച്ചത്.
നടപടി അന്നേ എതിർത്തത് - എൻ.എ. നെല്ലിക്കുന്ന് (എം.എൽ.എ)
വഖഫ് ഭൂമി കൈമാറുന്നതിനുമുമ്പുതന്നെ പ്രവൃത്തി തുടങ്ങിയ കലക്ടറുടെ നടപടി അന്നേ എതിർത്തിരുന്നു. ഞാൻ രേഖാമൂലം പ്രതിഷേധമറിയിച്ചപ്പോഴാണ് അനധികൃത നിർമാണം നിർത്തിയത്. അതിെൻറ പേരിൽ വികസനം തുരങ്കംവെക്കുന്നയാൾ എന്ന കുറ്റമാണ് എനിക്ക് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.