കുടിക്കാൻ വെള്ളമില്ല; ബില്ലിൽ ഞെട്ടിച്ച് വാട്ടർ അതോറിറ്റി
text_fieldsമൊഗ്രാൽ: ദേശീയപാത വികസനത്തിന്റെ കുടിവെള്ളം മുട്ടിച്ചെങ്കിലും വാട്ടർ അതോറിറ്റിയുടെ ബില്ല് മുടങ്ങാതെ വരുന്നുവെന്ന് ഗുണഭോക്താക്കൾ. ദേശീയപാത വികസനത്തിൽ മൂന്നുമാസമായി മൊഗ്രാൽ കടവത്ത് നിവാസികളുടെ കുടിവെള്ളം തടസ്സപ്പെട്ടിരിക്കുകയാണ്. കുമ്പള ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് തടസ്സപ്പെട്ടത്. ശുദ്ധജല വിഷയമായിട്ട് പോലും പരിഹരിക്കാനുള്ള നടപടികളിൽ ജല അതോറിറ്റി അധികൃതരും ദേശീയപാത നിർമാണ കമ്പനി അധികൃതരും കൈ മലർത്തുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. ഇതിനിടയിലാണ് ഉപയോഗിക്കാത്ത കുടിവെള്ളത്തിന്റെ ബില്ലുകൾ കൂടി ലഭിച്ചു തുടങ്ങിയത്.
മൊഗ്രാൽ കടവത്ത് പുഴയോര മേഖലയായതിനാൽ ഇവിടെ ചില വീടുകളിലെ വെള്ളത്തിന് ഉപ്പ് രസമുള്ളതായി പറയുന്നു. ഇതേ തുടർന്നാണ് കാലങ്ങളായി ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നത്. ഇത് തടസ്സപ്പെട്ട് കിടക്കുന്നതിനാൽ ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. ഇത് വീട്ടമ്മമാരെയും കുട്ടികളെയും ഏറെ ദുരിതത്തിലാക്കുന്നുമുണ്ട്. ദേശീയപാത നിർമാണ ജോലിക്കിടയിൽ കുടിവെള്ള പൈപ്പുകൾ യഥാസമയം മാറ്റിസ്ഥാപിക്കാൻ അധികൃതർ കാണിച്ച അലംഭാവമാണ് കുടിവെള്ളം തടസ്സപ്പെടാൻ കാരണമായത്. ദേശീയപാതയുടെ പണി എപ്പോൾ തീരുമെന്നോ, ശുദ്ധജല പൈപ്പുകൾ പുനഃസ്ഥാപിക്കുമെന്നോ അധികൃതർ പറയുന്നുമില്ല.
ഇതിനിടെ, വാട്ടർ അതോറിറ്റി അധികൃതർ കുടിവെള്ള ബില്ലുകൾ അടക്കാനുള്ള രശീത് വിതരണം ചെയ്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിഷയം ജനപ്രതിനിധികളെയും ജല അതോറിറ്റിയെയും അറിയിച്ചിട്ടും നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റമദാൻ മാസം അടുത്ത് വരുന്നതോടെ കുടിവെള്ളം തടസ്സപ്പെട്ടു കിടക്കുന്നത് കടവത്ത് നിവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.