ജല അതോറിറ്റിക്ക് റോഡ് കിളച്ചുമറിക്കാൻ കൊടുത്തിട്ട് രണ്ടാഴ്ച; ആറു മാസം പിന്നിട്ട് ദുരിതം, റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം
text_fieldsരാവണീശ്വരം: ചാലിങ്കാൽ ചാമുണ്ഡിക്കുന്ന് റോഡിൽ ചാലിങ്കാൽ- കുന്നുപാറ വരെയുള്ള റോഡ് അറ്റകുറ്റപ്പണി അനന്തമായി നീളുന്നു. ജില്ല പഞ്ചായത്ത് ഫണ്ടിൽ പുനർനിർമാണം ആരംഭിച്ചപ്പോഴാണ് ജൽജീവൻ മിഷൻ പ്രകാരമുള്ള പൈപ്പുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. എങ്കിൽ റോഡ് കിളച്ച് പൈപ്പിടൽ നടക്കട്ടെയെന്ന് തീരുമാനിച്ച് ജല അേതാറിറ്റിക്ക് വിട്ടുകൊടുക്കുകയായിരുന്നു. പൈപ്പിടുന്നതിന് ജല അതോറിറ്റി ചോദിച്ചത് രണ്ടാഴ്ചയായിരുന്നു. ജില്ല പഞ്ചായത്ത് റോഡ് വിട്ടുകൊടുത്ത് ആറുമാസം പിന്നിട്ടിട്ടും കിളച്ചുമറിക്കൽ അവസാനിച്ചിട്ടില്ല. ഇതുമൂലം നാട്ടുകാരും ഓട്ടോതൊഴിലാളികളും മറ്റുവാഹനങ്ങളും കാൽനടയാത്രക്കാരും അനുഭവിക്കുന്നത് വൻ ദുരിതം.
ചാലിങ്കാൽ -ചാമുണ്ഡിക്കുന്ന് റോഡിൽ ചാലിങ്കാൽ മുതൽ കുന്നുപാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി റോഡ് പുനരുദ്ധാര പ്രവൃത്തി ആറുമാസം മുമ്പാണ് ആരംഭിച്ചത്. അതുവരെയുള്ള റോഡ് കിളച്ചിട്ട് ടാറിങ് നടത്താനായിരുന്നു നടപടി. അതനുസരിച്ച് റോഡ് അടച്ചിടുകയും കുന്നുപാറ തണ്ണോട്ട് റോഡുവഴിയും കുന്നുപാറ പാണന്തോട് വഴിയും തിരിച്ചുവിടുകയും ചെയ്തിരുന്നു. അതിനിടയിലാണ് ജൽജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പിടാൻ തീരുമാനിച്ചത്. റോഡ് ടാറിങ് നടത്തിയ ശേഷം പൈപ്പിട്ടാൽ നവീകരിച്ച റോഡ് വീണ്ടും കിളക്കുകയും ഗതാഗത യോഗ്യമല്ലാതാകുകയും ചെയ്യും. ഇത് ഒഴിവാക്കാൻ പൈപ്പടാൻ ജല അതോറിറ്റിക്ക് അനുമതി നൽകി. രണ്ടാഴ്ചയാണ് അവർ സമയം ചോദിച്ചത്.
ജൽജീവൻ മിഷൻ പ്രകാരം പ്രവൃത്തി പൂർത്തിയാക്കാനുള്ള പൈപ്പുകൾ ഉൾപ്പെടയുള്ള സാമഗ്രികളുടെ അഭാവം കാരണം വൈകുകയാണ്. കരാറുകാരാണ് പ്രവൃത്തി വൈകിപ്പിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുവഴിയുള്ള ബസ് സർവിസ് നിർത്തിവെച്ചു. ഓട്ടോ സർവിസും നടത്താൻ പറ്റുന്നില്ല. കിളച്ചിട്ട റോഡിലൂടെ നിർബന്ധിത യാത്ര നടത്തി ടാക്സികൾ പലതും കേടായി. കാൽനടപോലും ദുഷ്കരമാണ്. വിദ്യാർഥികൾക്ക് സമയത്ത് സ്കൂളുകളിലും കോളജുകളിലും എത്താൻ കഴിയുന്നില്ല. ജീവനക്കാർക്കും തൊഴിലാളികൾക്കും പണിസ്ഥലങ്ങളിൽ പോകാൻ കഴിയുന്നില്ല.
കരാർ ഏറ്റെടുത്തവർ വാക്കു പാലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് സി.പി.ഐ അജാനൂർ ലോക്കിൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. രണ്ടാഴ്ചകൊണ്ട് തീർക്കാമെന്ന ഉറപ്പിൽ പ്രവൃത്തി അനന്തമായി നീട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് അനുവദിക്കാനാവില്ലെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി എ. തമ്പാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.