ജലബജറ്റില്‍നിന്ന് ജില്ല ജലസുരക്ഷയിലേക്ക്
text_fieldsകാസർകോട്: ജലബജറ്റില്‍ നിന്ന് ജില്ല ജലസുരക്ഷ പ്ലാനിന് ഒരുങ്ങുന്നു. ഓരോ പ്രദേശത്തെയും ജലലഭ്യത കണക്കിലെടുത്ത് ജലാവശ്യത്തിന്റെ വിവിധ തോതുകള്‍ കണ്ടെത്തി സംയോജിപ്പിക്കുന്നതാണ് ജലബജറ്റ്.
കഴിഞ്ഞ 10വര്‍ഷത്തെ പ്രതിദിന മഴലഭ്യത കണ്ടെത്തി കൃഷി, ഗാര്‍ഹികം, വ്യവസായ വാണിജ്യമേഖല, മൃഗസംരക്ഷണ മേഖല, പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മഴവെള്ളത്തിന്റെ ലഭ്യതയുടെയും ശേഖരണത്തിന്റെയും വിനിയോഗത്തിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്ന ജലബജറ്റിന്റെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് നേരത്തേ തയാറാക്കിയിരുന്നു. വിവിധ ഏജന്‍സികള്‍ നദീതടങ്ങളില്‍ തയാറാക്കിയിട്ടുള്ള മഴമാപിനികളില്‍ നിന്നാണ് മഴലഭ്യതയുടെ അളവ് ശേഖരിക്കുന്നത്.
ഹരിത കേരളം മിഷന് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം മുഖേനയാണ് ഇതിനുള്ള ശാസ്ത്രീയ പഠനരീതി തയാറാക്കിയിട്ടുള്ളത്. ഹരിത കേരളം ജലസംരക്ഷണ മിഷനുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പിലെ എൻജിനീയര്‍മാര്‍ കണ്വീനര്മാരായിട്ടുള്ള സാങ്കേതിക സമിതികള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും മടിക്കൈ, അജാനൂര്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തുകളിലും ജലബജറ്റ് തയാറാക്കി ജലസഭകളില്‍ അവതരിപ്പിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. പരപ്പ ബ്ലോക്കിലെ പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം, ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളിലും നീലേശ്വരം നഗരസഭ, നീലേശ്വരം ബ്ലോക്കിലെ കയ്യൂര്‍ ചീമേനി, പിലിക്കോട്, ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍ വലിയ പറമ്പ എന്നീ ഗ്രാമപഞ്ചായത്തുകളിലും ജലബജറ്റ് തയാറായിക്കഴിഞ്ഞു. തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ജലസഭകള്‍ ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ തയാറാക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ജലസുരക്ഷ പ്ലാന്‍ തയാറാക്കുന്നതിനുള്ള ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് അഷറഫ് കാര്‍ല അധ്യക്ഷത വഹിച്ചു. നവകേരളം കർമ പദ്ധതി കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് ജല ബജറ്റ് കര്‍മപദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി. ബിജു സ്വാഗതം പറഞ്ഞു. കാറഡുക്ക ബ്ലോക്ക്തല ശിൽപശാല ജൂലൈ 25ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.