കഠിനാധ്വാനം 'പാലിച്ചോ'ന്റെ വിജയരഹസ്യം
text_fieldsചെറുവത്തൂർ: മെയ്ക്കരുത്തും മനക്കരുത്തും സമന്വയിപ്പിച്ച് തേജസ്വിനിയിലെ ഓളപ്പരപ്പിനുമേൽ പങ്കായമെറിഞ്ഞ അനുഭവക്കരുത്തുമായി മത്സരത്തിനിറങ്ങിയപ്പോൾ ഇക്കുറിയും ജലരാജപ്പട്ടം അച്ചാംതുരുത്തി 'പാലിച്ചോൻ' ബോട്ട് ക്ലബിന് തന്നെ. കോഴിക്കോട് ഫറോക്കിലെ ചാലിയാറിൽ കഴിഞ്ഞ ദിവസം നടന്ന ജലോത്സവത്തിൽ ഇരുപത്തിയഞ്ചാൾ തുഴയും മത്സരത്തിലാണ് പാലിച്ചോൻ ടീം ജേതാക്കളായത്. ഒക്ടോബറിൽ തേജസ്വിനി പുഴയിൽ നടക്കുന്ന ജലോത്സവത്തിൽ കിരീടംചൂടുക എന്നതാണ് ടീമിെന്റ ഈ വർഷത്തെയും സ്വപ്നം. എല്ലാദിവസവും സായാഹ്നങ്ങളിൽ രണ്ടര മണിക്കൂർ നേരമാണ് പരിശീലനം. കൂലിപ്പണിക്കാരും വിദ്യാർഥികളുമടങ്ങുന്ന സംഘമാണ് തുഴച്ചിലിനുള്ളത്. ഒരു മാസമായി തീവ്രപരിശീലനത്തിലാണ് സംഘമുള്ളത്.
2018ൽ ഉമ്മൻ ചാണ്ടി നീറ്റിലിറക്കിയ ചുരുളൻവള്ളമാണ് ഇവരുടേത്. വിമുക്തഭടന്മാരായ എം. നരേന്ദ്രൻ, കെ. വിജയൻ എന്നിവരാണ് തുഴച്ചിലിന് നേതൃത്വം നൽകുന്നത്. പി. മധു അമരത്തും വിഷ്ണു അണിയത്തുമായ സംഘമാണ് തുഴച്ചിലിൽ ഉള്ളത്. അവസാനമായി തേജസ്വിനിയിൽ നടന്ന ജലോത്സവത്തിൽ കിരീടം ചൂടിയതും പാലിച്ചോനായിരുന്നു. ഇക്കുറിയും മികച്ച ടീമുകളോട് മല്ലിട്ട് വേണം പാലിച്ചോന് മുന്നേറാൻ. എ.കെ.ജി പൊടോതുരുത്തി, വയൽക്കര വെങ്ങാട്ട്, റെഡ്സ്റ്റാർ കാര്യങ്കോട്, കൃഷ്ണപിള്ള കാവുഞ്ചിറ, എ.കെ.ജി മുഴക്കീൽ എന്നിവയാണ് പാലിച്ചോന് ശക്തരായ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.