കൊട്ടോടി പുഴയും വറ്റിവരണ്ടു; മലയോര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsകാഞ്ഞങ്ങാട്: വേനൽ കാഠിന്യം അതിരൂക്ഷമായതോടെ ഒരിക്കലും വറ്റിവരളാത്ത കൊട്ടോടി പുഴ വറ്റിവരണ്ടു. മലയോരമേഖല അഭിമുഖീകരിക്കുന്നത് അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. എത്ര വലിയ വേനലിനേയും അഭിമുഖീകരിച്ച് നാട്ടുകാർക്ക് ആശ്വാസജലം നൽകിയ ഈ പുഴക്ക് മാർച്ച് മാസത്തെ കഠിന ചൂടിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിലും കൊട്ടോടി പുഴയുടെ ആഴമേറിയ ഭാഗത്ത് എപ്പോഴും സമൃദ്ധമായി വെള്ളമുണ്ടായിരുന്നു. ആഴമേറിയ ഭാഗത്തുപോലും ഇക്കുറി തുള്ളിവെള്ളമില്ല. നൂറുകണക്കിന് നാട്ടുകാർ ഉപയോഗിക്കുന്ന കൊട്ടോടി പുഴയുടെ അവസ്ഥ ദയനീയമാണ്. കുടിക്കാനും കുളിക്കാനും ഒപ്പം ആയിരക്കണക്കിന് ഏക്കർ കൃഷിസ്ഥലങ്ങളിലേക്ക് ആവശ്യമായ വെള്ളം കൊട്ടോടി പുഴ നൽകിയിരുന്നു.
ജലക്ഷാമമുണ്ടായതു മുതൽ പലരും ഈ പുഴയിലെ വെള്ളം ഊറ്റിത്തുടങ്ങിയിരുന്നു. പൂടംകല്ല്-കള്ളാർ സംസ്ഥാന പാതയിലെ പൊടി ഒഴിവാക്കാൻ കരാറുകാരൻ ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം ഊറ്റിക്കൊണ്ടു പോയത് പ്രതിസന്ധി രൂക്ഷമാക്കി. കള്ളാർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നത് കൊട്ടോടി പുഴയിലെ വാട്ടർ ടാങ്കിൽനിന്നാണ്. നാണംകുടൽ ശുദ്ധജല വിതരണവും കൊട്ടോടി പുഴയെ ആശ്രയിച്ചുള്ളതാണ്. കൊട്ടോടി, ഗ്രാഡി പള്ള, പയ്യച്ചേരി, മഞ്ഞങ്ങാനം, നാണം കുടൽ, തോണിക്കടവ് ഭാഗത്തെ കർഷകരുടെ ഏക ആശ്രയവും ഈ പുഴ തന്നെ.
കർണാടകയിൽനിന്ന് ഉദ്ഭവിക്കുന്നതാണ് കൊട്ടോടി പുഴ. ഇത് ചന്ദ്രഗിരി പുഴയിലാണ് അവസാനിക്കുന്നത്. പാണത്തൂരിനും ചന്ദ്രഗിരി പുഴക്കും ഇടയിലുള്ള ആയിരക്കണക്കിന് കർഷകരുടെ ആശ്വാസമാണ് ഈ പുഴ. കാസർകോട് ജില്ലയുടെ ശുദ്ധജലക്ഷാമത്തിന് പരിഹാരമെന്നോണം മൂന്നാംകടവിൽ വൻകിട ഡാം നിർമിക്കാൻ സർക്കാർതലത്തിൽ പദ്ധതി ഉണ്ടായിരുന്നെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് മുടങ്ങി. കൊട്ടോടി ടൗണിന് സമീപം പുഴയിൽ ചെറിയ നിലയിൽ ചെക്ക് ഡാം നിർമിക്കാൻ കഴിഞ്ഞവർഷം മുതൽ നീക്കം നടന്നിരുന്നെങ്കിലും ഇതും പ്രാബല്യത്തിൽ എത്തിയില്ല . ഇതിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായതാണ്.ചെറിയ ചെക്ക് ഡാം നിർമിച്ചിരുന്നുവെങ്കിൽ കർഷകരുടെ ഇപ്പോഴത്തെ ദുരവസ്ഥക്ക് പരിഹാരം ആകുമായിരുന്നു. തെങ്ങ്, കവുങ്ങ് കർഷകർ വെള്ളലഭ്യത ഇല്ലാതായതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. മലയോര മേഖല ഇതുവരെ അഭിമുഖീകരിക്കാത്ത ജലക്ഷാമമാണ് ഇത്തവണത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.