ചൂടൽപം കൂടുതലാ... ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
text_fieldsകാസർകോട്: ചൂടുകൂടി വെന്തുരുകി ജനങ്ങൾ. ഭൂമിയുടെ ചൂട് ഓരോവർഷം കഴിയുന്തോറും കൂടുകയല്ലാതെ കുറയുന്ന സാഹചര്യമുണ്ടാകുന്നില്ല. സംസ്ഥാനത്ത് പല ജില്ലകളിലും താപനില കൂടുന്നതായി ജാഗ്രതാനിർദേശം വന്നുകഴിഞ്ഞു. കാലാവസ്ഥതന്നെ മാറിമറയുന്നതായാണ് അനുഭവം. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുമ്പോൾ കത്തുന്ന ചൂടിനൊപ്പംതന്നെ വൈറല്‍പനി മുതല്‍ സൂര്യാതപംവരെ പല അസുഖങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. ചൂടു കൂടുമ്പോൾ പല സ്ഥലങ്ങളിലും സൂര്യാതപമേറ്റുള്ള പൊള്ളലും പ്രയാസങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷവും ഫെബ്രുവരിയുടെ തുടക്കത്തിൽതന്നെ ചൂടുകൂടുന്ന സാഹചര്യമുണ്ടായിരുന്നു. വരുംമാസങ്ങളിൽ ഇനിയും ചൂട് കൂടാനുള്ള സാഹചര്യത്തില്‍ അല്പം ശ്രദ്ധവെച്ചാൽ വേനലിലെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നമുക്ക് നേരിടാനാകും. അതിനുള്ള ചിലവഴികൾ...
→ നേരിട്ട് വെയിൽ തട്ടി ജോലിചെയ്യുന്നവർ, ഇരുചക്രവാഹന യാത്രക്കാർ എന്നിവർ 11 മണി മുതൽ മൂന്നുമണി വരെ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
→ ദാഹമില്ലെങ്കിലും ഇടവിട്ട് ധാരാളം വെള്ളം കുടിക്കുക. ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും മിനിമം കുടിക്കുക.
→ വെയിലിൽ പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കുന്നത് കണ്ണിന് ഗുണകരമാകും. അള്‍ട്രാവയലറ്റ് രശ്മികളെപ്പോലെ കണ്ണിനെ ഗുരുതരമായി ബാധിക്കുന്ന സൂര്യരശ്മികളെ തടയാനാണ് ഇവ ഉപയോഗിക്കുന്നത്. 90-100 ശതമാനം യു.വി രശ്മികളും തടയുന്ന തരത്തിലുള്ള സണ്‍ഗ്ലാസുകള്‍ ഇതിനായി തിരഞ്ഞെടുക്കുക.
→ കഠിനമായ വെയിലിൽ ഇറങ്ങുമ്പോൾ അൾട്രാവയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക. മാത്രമല്ല, ചെരിപ്പോ ഷൂവോ ധരിക്കുക.
→ അയഞ്ഞതും ഇളംവർണത്തിലുള്ളതും കനംകുറഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. ചൂടുസമയങ്ങളിൽ സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതല്ല.
→ യാത്രചെയ്യുന്ന സാഹചര്യത്തിൽ എപ്പോഴും വെള്ളം കൊണ്ടുപോകുന്നത് അഭികാമ്യമാണ്. കാരണം, ശുദ്ധജലം കിട്ടാന്‍ ഇപ്പോൾ ബുദ്ധിമുട്ടാണ് എന്ന് നമുക്കറിയാം.
→ ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക. കിടക്കുന്നതിനുമുമ്പ് കുളിക്കുകയാണെങ്കില്‍ അത് ശരീരത്തിന്റെ താപനില കുറക്കാന്‍ സഹായിക്കും.
→ മദ്യപാനം ഒഴിവാക്കുക. കൂടാതെ, ചായയും കോഫിയും ഈ സമയങ്ങളിൽ ഒഴിവാക്കുന്നത് ശരീരത്തിന് നല്ലതാണ്. കാരണം, ഇവ നിർജ്ജലീകരണം കൂട്ടാനിടയാക്കും.
→ ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ധാരാളം വെള്ളം കുടിക്കുക
→ ആഹാരവും ശ്രദ്ധിക്കണം: ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കട്ടിയുള്ള ആഹാരം ഒഴിവാക്കുക. എരിവ്, പുളി, മസാല മുതലായവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ശരീരത്തിന് തണുപ്പുനല്‍കുന്ന ഭക്ഷണങ്ങള്‍ കൂടുതൽ കഴിക്കുക. സോഡ, കോള, ഫ്രൂട്ടി പോലുള്ള ഹൈഷുഗർ കൂൾ ഡ്രിങ്ക്സ് ഒഴിവാക്കുക. പകരം, തണ്ണിമത്തന് ജ്യൂസ്, ഇളനീർ, നാരങ്ങവെള്ളം, മോരിൻവെള്ളം എന്നിവ കുടിക്കുക. പഴങ്ങളും കക്കിരി, കാരറ്റുപോലുള്ള പച്ചക്കറികള്‍ ചേര്‍ത്തുള്ള സാലഡും ധാരാളം കഴിക്കുക. ശരീരത്തിനു ചൂടുണ്ടാക്കുന്ന ചിക്കന്പോലുള്ളവ കഴിവതും ഒഴിവാക്കുക. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, മൈദകൊണ്ടുള്ള ആഹാരങ്ങളും ഒഴിവാക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണമാകും.
→ ഓഫിസുകളിലും ബെഡ്റൂമിലും ജനൽതുറന്നിടുകയും കർട്ടൻ മാറ്റുകയും ചെയ്ത് വായുസഞ്ചാരം ഉറപ്പുവരുത്തുക.
→ കൈയും മുഖവും ഇടക്കിടെ കഴുകുന്നത് നല്ലതാണ്.
→ വ്യായാമം: കഴിയുന്നതും വേനലില്‍ ചെറിയ തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക. യോഗയാണ് വേനലില്‍ ശരീരത്തിന് കൂടുതല്‍ നല്ലത്. ഔട്ട്ഡോര്‍ സ്പോര്‍ട്സ് ഒഴിവാക്കി ഇന്‍ഡോര്‍ സ്പോര്‍ട്സ് തിരഞ്ഞെടുക്കുക. വേനലില്‍ കഴിയുന്നതും കുട്ടികൾ മണ്ണിലുള്ള കളികള്‍ ഒഴിവാക്കുക. പല രോഗങ്ങളും വരാന്‍ ഇതിടയാക്കും. രാവിലെ എട്ടിന് മുമ്പായോ വൈകീട്ട് നാലിന് ശേഷമോ കളിക്കാനും മറ്റു വ്യായാമങ്ങൾക്കും തിരഞ്ഞെടുക്കുക.
കഠിനമായ വെയിലേറ്റാൽ ലക്ഷണങ്ങൾ
നല്ല ക്ഷീണം, ചെറിയ തലവേദന, തളർച്ച, നന്നായി വിയർക്കുക, പേശിമുറുക്കം, പനി. കൂടുതൽ വെയിലേറ്റാൽ അപസ്മാരം, ബോധം പോകുന്ന അവസ്ഥവരെ വരാം. ഇത് അനുഭവപ്പെട്ടാൽ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുകയാണ് അത്യാവശ്യം വേണ്ടത്.
ചൂടുകൂടുന്ന അവസ്ഥയിൽ വരുന്ന രോഗങ്ങൾ
1. സ്കിന്നിനെ ബാധിക്കുന്ന രോഗങ്ങൾ
2. ചിക്കന്‍പോക്സ്
3. മഞ്ഞപ്പിത്തം
4. ടൈഫോയിഡ്
5. വയറിളക്ക രോഗം
6. നിർജ്ജലീകരണം
7. സൂര്യാതപം
എല്ലാകാലത്തും കാലാവസ്ഥ വിഭാഗത്തിന്റെയും ദുരന്തനിവാരണ വകുപ്പിന്റേയും നിർദേശങ്ങൾ വരാറുണ്ട്. അതുകൊണ്ടുതന്നെ അതത് സമയങ്ങളിൽ ആ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾ നൽകിയത്: ഡോ. റിജിത്ത് കൃഷ്ണൻ (ജൂനിയർ കൺസൽട്ടന്റ്, ജില്ല ആശുപത്രി, കാഞ്ഞങ്ങാട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.