എവിടെ പരപ്പ ബസ് സ്റ്റാൻഡ്?
text_fieldsകിനാനൂർ കരിന്തളം: മലയോരമേഖലയിലെ വ്യാപാരകേന്ദ്രമായ കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഉൾപ്പെടുന്ന പരപ്പയിൽ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് സ്ഥാപിക്കുമെന്ന അധികൃതരുടെ വാഗ്ദാനം എങ്ങുമെത്തിയില്ല. ബസ് സ്റ്റാൻഡ് കെട്ടിടത്തിനായി പഞ്ചായത്ത് തറക്കല്ലിടൽ നടത്തിയതല്ലാതെ തുടർനടപടികൾ നടത്തിയില്ല.
പ്രദേശവാസികൾ സൗജന്യമായി നൽകിയ ഭൂമിയിലാണ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ പരപ്പ ബസ് സ്റ്റാൻഡിന് തറക്കല്ലിട്ടത്. സമീപവാസികളായ തമ്പാൻ ഗുരുക്കൾ, വേണു ഗുരുക്കൾ, ജോയി പാലക്കുടിയിൽ എന്നിവരുടെ 58 സെന്റ് സ്ഥലമാണ് ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കാൻ സൗജന്യമായി നൽകിയത്.
എന്നാൽ, 14 വർഷം കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണവുമായി പഞ്ചായത്തധികൃതർ തുടർനടപടികൾ നടത്താത്തതിനാൽ സ്ഥല ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഒരു കോടി 75 ലക്ഷം രൂപ എ. വിധുബാല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഭരണസമിതി ബസ്സ്റ്റാൻഡ് നിർമാണത്തിനായി ഫണ്ട് നീക്കിവെച്ചിരുന്നു. തുടർന്ന് സ്ഥലം നിരപ്പാക്കി കെട്ടിടം നിർമിക്കാൻ മണ്ണുപരിശോധന നടത്തുകയും ചെയ്തതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല.
ഇപ്പോൾ പരപ്പ ടൗണിലെ റോഡരികിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്. റോഡ് തന്നെ ബസ് സ്റ്റാൻഡ് പാർക്കിങ് സ്ഥലമായി മാറ്റുകയാണ്. ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് ഭാവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.