വന്യജീവി ശല്യം; വീടും സ്ഥലവും ഒഴിയാൻ ഒരുങ്ങി ജനം
text_fieldsകാസർകോട്: വന്യജീവി ആക്രമണ ശല്യം സഹിച്ച് വീടും സ്ഥലവും വിറ്റൊഴിയാൻ തയാറാവുന്നവരുടെ എണ്ണം കൂടുന്നു. ജില്ലയിൽനിന്ന് ഒട്ടേറെ അപേക്ഷകളാണ് ഇതിനകം വനം വകുപ്പിന് ലഭിച്ചത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും വിട്ടുകൊടുക്കുന്നവർക്ക് അർഹമായ തുകയാണ് നൽകുന്നത്. ജില്ലയിൽ ആദ്യഘട്ടത്തിൽ 11പേർ പദ്ധതി പ്രകാരം വീടും സ്ഥലവും വിട്ടുനൽകി പണവും കൈപ്പറ്റി.
കാസർകോട്, കാഞ്ഞങ്ങാട് റേഞ്ചുകളിൽനിന്ന് പുതുതായി 54 പേരും അപേക്ഷ നൽകിയിട്ടുണ്ട്. 47പേരും കാഞ്ഞങ്ങാട് റേഞ്ചിൽനിന്നുള്ളവരാണ്. ഈ അപേക്ഷകള്‍ യോഗ്യമാണെന്ന് കണ്ടെത്തിയാല്‍ ഭൂമി ഏറ്റെടുക്കലിന് എട്ട് കോടിയോളം രൂപയാണ് വേണ്ടി വരുക.
കേരളത്തില്‍ വന്യ ജീവികളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് റീ-ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വാസ സ്ഥലമുള്‍പ്പെടെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കാടിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.
വനത്തോടു ചേര്‍ന്ന അഞ്ചേക്കര്‍ വരെ ഭൂമിക്ക് 15 ലക്ഷം രൂപ മതിപ്പ് വില ലഭിക്കും. പത്തേക്കറിന് 30 ലക്ഷം, 15 ഏക്കറിന് 45 ലക്ഷം എന്നിങ്ങനെയാണ് വില കണക്കാക്കിയത്. വീട്ടിലെ പ്രായപൂര്‍ത്തിയായ അംഗങ്ങളുടെ എണ്ണമനുസരിച്ച് ഒരോ ആളിനും 15 ലക്ഷം രൂപ വീതം അധികം ലഭിക്കും.
ജില്ലയിൽ ഇതിനകം 11 അപേക്ഷകള്‍ യോഗ്യമാണെന്ന് കണ്ടെത്തി പണം കൈമാറി. രണ്ടാംഘട്ടത്തില്‍ കാസര്‍കോട്, അടൂര്‍, ബന്തടുക്ക വില്ലേജുകളില്‍ നിന്നുള്ള ഏഴ് അപേക്ഷകള്‍ പരിഗണിച്ച് സ്ഥലം ഏറ്റെടുക്കാൻ ഒരു കോടി രൂപ വകയിരുത്തി.
കാഞ്ഞങ്ങാട് റേഞ്ചിനു കീഴിലെ ബളാല്‍ പഞ്ചായത്തില്‍നിന്നുള്ള 30 അപേക്ഷകള്‍ പരിഗണിച്ചു. പനത്തടിയിലെ 17 അപേക്ഷകള്‍ പരിഗണിക്കാനുണ്ട്. പനത്തടി പഞ്ചായത്തിലെ യോഗം വെള്ളിയാഴ്ച നടക്കും. താൽപര്യമുള്ളവർ റേഞ്ച് ഓഫിസില്‍ അപേക്ഷിക്കണമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പി.ബിജു പറഞ്ഞു.
കൂടുതല്‍ വിവരങ്ങൾക്ക്: 8547602576 (കാസര്‍കോട് റേഞ്ച് ഓഫിസ്), 8547602600 (കാഞ്ഞങ്ങാട് റേഞ്ച് ഓഫിസ്). റീബിൽഡ് കേരള പദ്ധതിയുടെ ആദ്യഘട്ടത്തേക്കാൾ കൂടുതൽ അപേക്ഷകരാണ് രണ്ടാം ഘട്ടത്തിൽ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.