വികസനപദ്ധതികൾ യാഥാർഥ്യമാകുമോ?
text_fieldsമൊഗ്രാൽ: കുമ്പളയിലെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ യാഥാർഥ്യമാകുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം അവശേഷിക്കുമ്പോൾ കുമ്പള ബസ് സ്റ്റാൻഡ് ആൻഡ് ഷോപ്പിങ് കോംപ്ലക്സ്, ടൗണിലെ ശൗചാലയം, മീൻ മാർക്കറ്റ്, ഗതാഗത പരിഷ്കരണം തുടങ്ങിയ പദ്ധതികൾ ഈ ചുരുങ്ങിയ കാലയളവിൽ നടപ്പിലാക്കാൻ നിലവിലെ ഭരണസമിതിക്കാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കുമ്പള ടൗണിൽ കെ.എസ്.ടി.പി റോഡിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള നടപ്പാതകളും മറ്റും ഇനിയും പൂർത്തിയാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ കുമ്പള ഗ്രാമപഞ്ചായത്തും കെ.എസ്.ടി.പി അധികൃതരും ഇടഞ്ഞ് നിൽക്കുകയാണ്. മറുഭാഗത്ത് ദേശീയപാതയുടെ ജോലികൾ കുമ്പള ടൗണിനെ വഴിമുടക്കി പുരോഗമിക്കുന്നുമുണ്ട്. ഇവിടെ ആറുവരിപ്പാത പൂർത്തിയായാൽ ബസുകൾ കുമ്പള ടൗണിൽ എങ്ങനെ പ്രവേശിക്കുമെന്ന ചോദ്യം ബാക്കിയാണ്. കുമ്പള റെയിൽവേ സ്റ്റേഷന ടുത്തുള്ള അടിപ്പാതയിലൂടെ ബസുകൾ തിരിച്ചുവിട്ട് ടൗണിൽ പ്രവേശിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ദേശീയപാത നിർമാണ കമ്പനി അധികൃതർ പറയുന്നത്. എന്നാൽ ഇടുങ്ങിയ സർവിസ് റോഡിൽ ഇരുഭാഗത്തേക്കും എങ്ങനെ വാഹനങ്ങൾക്ക് പോകാൻപറ്റുമെന്നാണ് പഞ്ചായത്ത് അധികൃതർ ചോദിക്കുന്നത്. ഇക്കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഒപ്പം വ്യാപാരികൾക്കിടയിലും വലിയ ആശങ്ക നിലനിൽക്കുന്നു.
ടൗണിലെ ഗതാഗതപരിഷ്കരണത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡ് ടൗണിന് സമീപത്തായി സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് മാറ്റാൻ നീക്കം നടന്നിരുന്നുവെങ്കിലും അതും പ്രാവർത്തികമായില്ല. പകരം, വിശാലമായ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതി. ടൗണിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു ശൗചാലയം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് വരാത്തസാഹചര്യത്തിൽ വിശാലമായ ശൗചാലയമെങ്കിലും നിർമിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
ടൗണിന് സമീപത്തായി മത്സ്യ-മാംസ-പച്ചക്കറി മാർക്കറ്റ് ഈ ഭരണസമിതിയുടെ കാലാവധിക്ക് മുമ്പായി നിർമാണം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറായൂസഫ് പറയുമ്പോഴും നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ഇത്തരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനം ചർച്ച ചെയ്യുമ്പോൾതന്നെ അടുത്തവർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.