പരിഹാരമില്ല; ജനങ്ങൾക്ക് ദുരിതയാത്ര
text_fieldsകാസർകോട്: കാസർകോട്ടുനിന്നുള്ള യാത്രാക്ലേശത്തിന് പരിഹാരമില്ല. സർക്കാറിലും ജില്ല വികസനസമിതി യോഗങ്ങളിലും ജനപ്രതിനിധികളും പൊതുജനങ്ങളും ഉയർത്തുന്ന പ്രാധാന്യമേറിയ വിഷയങ്ങളിൽപോലും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ മുഖംതിരിച്ചുനിൽക്കുന്നതായി വ്യാപക പരാതി.
സന്ധ്യയായാൽ ബസ് കിട്ടാനില്ലെന്ന പരാതി ഏറക്കാലമായി നിലനിൽക്കുന്നുണ്ട്. ജില്ല ഭരണകൂടവും ജില്ല പഞ്ചായത്തും ജില്ല വികസനസമിതിയുമൊക്കെ ഏറെ ചർച്ചചെയ്ത വിഷയംകൂടിയാണിത്. ജനപ്രതിനിധികൾ ഈ വിഷയം ഗൗരവത്തോടെ യോഗങ്ങളിൽ അവതരിപ്പിക്കുമെങ്കിലും അതെല്ലാം മിനിട്സ് ബുക്കിൽ രേഖപ്പെടുത്തി ചായകുടിച്ച് പിരിയുകയാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ഇതൊക്കെ കാര്യക്ഷമമായി നടപ്പിലാക്കേണ്ട വകുപ്പുതല ഉദ്യോഗസ്ഥർ മടക്കയാത്രക്കുള്ള ട്രെയിൻസമയം നോക്കിയിരിക്കുകയാണെന്നും സാധാരണക്കാരായ ജനങ്ങളുടെ പരാതി കേൾക്കാൻ എവിടെയാണ് സമയമെന്നും യാത്രക്കാർ ചോദിക്കുന്നു.
ജില്ലയിലെ ദേശീയപാത റൂട്ടുകളിലാണ് ഏറെയും യാത്രക്കാർ ക്ലേശം നേരിടുന്നത്. കോവിഡ് കാലത്ത് ജില്ലയിൽ ഒരുപാട് കെ.എസ്.ആർ.ടി.സി ബസുകൾ റദ്ദാക്കിയിരുന്നു. ഇത് പുനരാരംഭിച്ചോ എന്നന്വേഷിക്കാൻ പോലും അധികൃതർക്ക് സമയമില്ല. നഗരത്തെ രാത്രിയും സജീവമാക്കാൻ ബസ് സമയം പരിഷ്കരിക്കണമെന്ന് സർക്കാർ വേദികളിലും നിയമസഭയിലും ജനപ്രതിനിധികൾ ഉന്നയിച്ചിരുന്നു. ബസ് സർവിസിന്റെ അഭാവമാണ് നേരത്തെ കടകളടച്ച് ജില്ല നിശ്ചലമാകാൻ കാരണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വർഷം മൂന്നു കഴിഞ്ഞിട്ടും ഇതിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. ദേശീയപാതയിലാകട്ടെ രാവിലെയും വൈകുന്നേരങ്ങളിലും സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്ന ഭൂരിഭാഗവും വിദ്യാർഥികളാണ്. ഈ സമയങ്ങളിൽ മറ്റുള്ള യാത്രക്കാർക്ക് ബസിൽ കയറിപ്പറ്റാൻ ബുദ്ധിമുട്ടാണ്. മംഗളൂരു ഭാഗത്തേക്കുള്ള കേരള-കർണാടക കെ.എസ്.ആർ.ടി.സി ബസുകൾ സന്ധ്യ കഴിഞ്ഞാൽ അരമണിക്കൂറിൽ ഒന്നെന്നനിലയിലാണ് ഓടുന്നത്. ഈ ബസുകൾ ഡിപ്പോയിൽ നിന്നുതന്നെ കുത്തിനിറച്ച് യാത്രക്കാരെയും കൊണ്ട് പോകുന്ന കാഴ്ചയാണ്.
ആളുകൾ കുത്തിനിറയുന്നത് കാരണം ഇവ പുതിയ സ്റ്റാൻഡിൽ കയറാതെയാണ് പോകുന്നതും. ഇത് ഇവിടെ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. പലതവണ അധികൃതരെ യാത്രക്കാർ അറിയിച്ചതുമാണ്. ഒരുകാര്യത്തിലും പരിഹാരം ഇല്ലാത്തത് ജില്ലയിൽ യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.