വനിതകൾക്ക് സന്തോഷിക്കാം, നഗരത്തിൽ വിശ്രമ കേന്ദ്രം തുറന്നു
text_fieldsകാസർകോട്: നഗരസഭ പുതിയ ബസ് സ്റ്റാൻഡില്‍ നിർമിച്ചവനിതാ വിശ്രമ കേന്ദ്രവും ‘ഒപ്പം കൂടെയുണ്ട്, കരുതലോടെ’ കാസർകോട് നഗരസഭ തല കാമ്പയിനും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്‌തു.ദീർഘദൂര യാത്രക്കാരായ സ്ത്രീകൾക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം, ലഘു ഭക്ഷണം, ശുചിമുറി സൗകര്യം, അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് വനിത വിശ്രമകേന്ദ്രത്തിന്‍റെ ലക്ഷ്യം.
കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഒപ്പം കൂടെയുണ്ട്, കരുതലോടെ’ കാമ്പയിന്‍റെ കാസർകോട് നഗരസഭ തല ഉദ്ഘാടനവും പി.എം.എ.വൈ ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു വിതരണവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിർവഹിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, ആർ. റീത്ത, കെ. രജനി, കൗൺസിലർമാർ, നഗരസഭ അസി.എൻജിനീയർ ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
കുടുംബശ്രീ വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുക എന്നതിനപ്പുറം വരുമാന വര്‍ധനവ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലും സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.
അഗതിരഹിത കേരളം, പി.എം.എ.വൈ-ലൈഫ്(നഗരം) പദ്ധതികളിലെ ഗുണഭോക്തൃ കുടുംബങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, നഗരങ്ങളിലെ അതിദരിദ്രര്‍ എന്നിവര്‍ക്ക് സംരംഭകത്വവും തൊഴിലും ലഭ്യമാക്കി അവരെ സാമൂഹിക പുരോഗതി കൈവരിക്കാന്‍ സഹായിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും എൻ.ഡി. ദിലീപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.