കേന്ദ്ര വാഴ്സിറ്റി വകുപ്പു തലവനെതിരെ അന്വേഷണത്തിനു വനിത കമീഷൻ നിർദേശം
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല മുൻ പി.വി.സിയും നിലവിൽ ഡീനും ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പു മേധാവിയുമായ പ്രഫസർ ഡോ. കെ. ജയപ്രസാദിനെതിെര അന്വേഷണം നടത്താൻ സംസ്ഥാന വനിത കമീഷൻ നിർദേശം. അതേ വകുപ്പിലെ അസി. പ്രഫസർ ഡോ. ഉമാപുരുഷോത്തമൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നതിന് വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വരലുവിനോട് നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര വാഴ്സിറ്റിയിൽ ജോലി ചെയ്യുന്നതിന് ജീവനു ഭീഷണിയുണ്ടെന്ന് ഉമാപുരുഷോത്തമൻ കമീഷനു നൽകിയ പരാതിയിൽ പറഞ്ഞു.
2021 ഫെബ്രുവരി 12ന് വാഴ്സിറ്റിയിൽ നടന്ന ഫാക്കൽറ്റി യോഗത്തിലാണ് പരാതിക്കിടയാക്കിയ സംഭവമെന്ന് പരാതിയിൽ പറയുന്നു. വകുപ്പുതലവനായ ഡോ. കെ. ജയപ്രസാദ്, എം.എ പ്രവേശനത്തിനു ആവിഷ്കരിച്ച മാനദണ്ഡം മാറ്റണമെന്ന് മുൻ വകുപ്പു തലവൻ പ്രഫ. എം.എസ്. ജോൺ, ഡോ. ഉമ പുരുഷോത്തമൻ, ഡോ. ഗിൽബർട്ട് സെബാസ്‌റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് പശ്ചാത്തലമുള്ള വിദ്യാർഥികൾക്ക് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ പ്രവേശനം നൽകേണ്ടതില്ലെന്ന ഡോ. ജയപ്രസാദിെൻറ നിലപാടിനെ മൂന്നുപേരും എതിർത്തു. ഇത്തരം മാനദണ്ഡം ആവിഷ്കരിക്കുകവഴി വലിയ വിഭാഗം വിദ്യാർഥികൾക്ക് ഈ വിഷയം പ്രാപ്യമല്ലാതാകുമെന്ന് ഇവർ അഭിപ്രായപ്പെട്ടു.
അതോടെ നിയന്ത്രണംവിട്ട ജയപ്രസാദ് വകുപ്പിൽ വിഭാഗീയതയുണ്ടാക്കിയാൽ നേരിട്ട് ആക്‌ഷൻ എടുക്കുമെന്നും കായികമായും ശാരീരികമായും നേരിടുമെന്നും ഭീഷണിമുഴക്കിയെന്ന് പരാതിയിൽ പറയുന്നു. തെൻറ വാദം അംഗീകരിച്ചില്ലെങ്കിൽ 'ലോറി കയറിയും ആൾക്കാർ മരിക്കു'മെന്നാണ് ജയപ്രസാദ് ഭീഷണി മുഴക്കിയത്. ഈ ഭീഷണി വല്ലാതെ ഭയപ്പെടുത്തുകയും കുട്ടികളും കുടുംബവുമുള്ള തനിക്ക് വാഴ്സിറ്റിയിൽ ജോലി ചെയ്യാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നെന്ന് അവർ പരാതിയിൽ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുക്കാൻ അദ്ദേഹം തയാറായില്ല.
സ്ഥാപനത്തിൽനിന്നു സംരക്ഷണം നഷ്ടപ്പെട്ടതിനാലാണ് വനിത കമീഷനെ സമീപിക്കുന്നതെന്ന് പരാതിയിൽ പറഞ്ഞു. ജയപ്രസാദിൽനിന്നും ഇനിയും ഭീഷണയുണ്ടാകാനിടയുെണ്ടന്നും തനിക്ക് അതു കായികമായി നേരിടാനാവിെല്ലന്നും കമീഷൻ ഇക്കാര്യത്തിൽ ഇടപെടണമെന്നും പരാതിയിലുണ്ട്. കമീഷൻ അന്വേഷണം ആവശ്യപ്പെട്ടതിനാൽ സർവകലാശാലക്ക് പരിശോധന നടത്തേണ്ടിവരും. സ്വാഭാവിക നടപടിയെന്ന നിലയിൽ അദ്ദേഹം ഇപ്പോൾ വഹിക്കുന്ന സ്ഥാനത്തുനിന്നും മാറ്റിനിർത്തിക്കൊണ്ടായിരിക്കും അന്വേഷണം നടത്തേണ്ടിവരുക. അല്ലാത്ത പക്ഷം പൊലീസിലേക്ക് പരാതി നീങ്ങിയാൽ കേസും അറസ്റ്റും ഉണ്ടായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.