കാസര്‍കോട് ജില്ലയുടെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം -മന്ത്രി ദേവര്‍കോവില്‍
text_fieldsകാസർകോട്: ജില്ലയുടെ വികസനക്കുതിപ്പിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ . ജില്ലയില്‍ ഇനിയും ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ചുനിന്നുകൊണ്ട് നേടിയെടുക്കാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും കാസര്‍കോട് പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച 'കാസര്‍കോട് ഇന്ന് നാളെ' ചര്‍ച്ച പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ഒ.പി ആരംഭിച്ചു. ന്യൂറോ സര്‍ജനെ നിയോഗിച്ചു. പൂര്‍ണതോതില്‍ പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി ആനപ്രതിരോധ പദ്ധതി ആരംഭിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ആദ്യമായി ആരംഭിക്കുന്നത്.
എല്ലാ പഞ്ചായത്തുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഗുണഫലം ഏറ്റവുമധികം ലഭിക്കുന്നതും പ്രകൃതിരമണീയമായ കാസര്‍കോട് ജില്ലക്ക് ആയിരിക്കും. ദേശീയപാത 66 വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ദേശീയപാത വികസനം, കോട്ടച്ചേരി മേല്‍പാലം തീരദേശ ഹൈവേ മലയോര ഹൈവേ , ദേശീയ ജലപാത എന്നിവ ജില്ലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഗതിവേഗം കൂട്ടും. ബദ്രടുക്ക ബി.എച്ച്.ഇ.എം. എലിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. 20 കോടി രൂപ കമ്പനിക്ക് കൈമാറി. കായിക മേഖലയുടെ പുരോഗതിക്ക് പഞ്ചായത്ത്തല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ആരംഭിക്കും. താളിപ്പടുപ്പ് മൈതാനത്ത് സംസ്ഥാനത്തെ ആദ്യത്തെ വനിതാ സ്റ്റേഡിയം സ്ഥാപിക്കും. കോവിഡ് ബാധിതര്‍ക്ക് ആശ്വാസമായി ടാറ്റ ഗവ. കോവിഡ് ആശുപത്രി അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പുതുജീവന്‍ നല്കി. പൊതുവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ കരിന്തളം ഗവണ്മെന്റ് കോളജിന് സ്ഥലം അനുവദിച്ചു.
കെട്ടിടനിര്‍മാണം കിഫ്ബിയില്‍പ്പെടുത്തി. കോടോം ഗവ. ഐ.ടി.ഐക്ക് ഭൂമി അനുവദിച്ചു. കെട്ടിടത്തിന് ആറുകോടി രൂപ വകയിരുത്തി. ജില്ല പഞ്ചായത്ത് താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതി ആരംഭിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടി ഊര്‍ജിതമാക്കി. കാസര്‍കോട് ജില്ലയില്‍ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കാസര്‍കോട് മാരിടൈം അക്കാദമി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എൽ.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ വിഷയാവതരണം നടത്തി. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം മോഡറേറ്ററായി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് സ്വാഗതവും കാസര്‍കോട് പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷ് നന്ദിയും പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കണം -രാജ്മോഹന്‍ ഉണ്ണിത്താന് എം.പി
ജില്ലയിലെ ആരോഗ്യവിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. ടൂറിസത്തിന് അനന്ത സാധ്യതകളാണ് ജില്ലയിലുള്ളത്. അന്താരാഷ്ട്ര ടൂറിസ ഭൂപടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബേക്കല്‍ വികസനം നടപ്പാക്കിയാല്‍ അനുബന്ധ വികസനങ്ങളും പ്രാവര്‍ത്തികമാകും.
പെരിയ എയര്‍സ്ട്രിപ് നിലവില്‍വന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രസൗകര്യം എളുപ്പമാകും.
കൂടുതല്‍ വ്യവസായ-സംരംഭകരെ ആകര്‍ഷിക്കാന്‍ സാധിക്കണം -എന്‍.എ നെല്ലിക്കുന്ന് എം.എൽ.എ
ജില്ലയിലേക്ക് കൂടുതല്‍ വ്യവസായ-സംരംഭകരെ ആകര്‍ഷിക്കാന്‍ സാധിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തണം. നിലവില്‍ കാസര്‍കോടിന്റെ സ്വപ്നങ്ങള്‍ക്ക് ജീവന് നല്കുന്ന കാസര്‍കോട് വികസന പാക്കേജിനെക്കുറിച്ചും അത് നല്കിയ വികസനങ്ങളും ഇന്ന് ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആവേശമായി മാറിയിട്ടുണ്ടെന്നും അതിനോടൊപ്പം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍കൂടി നടക്കുന്നതോടെ നാം ഇന്ന് സ്വപ്നംകാണുന്ന പദ്ധതികളെല്ലാം നടപ്പാക്കാനും ഭാവി തലമുറക്ക് അതിന്റെ നേട്ടങ്ങള്‍ ഉറപ്പാക്കാനും നമുക്ക് കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.
മഞ്ചേശ്വരത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കണം -എ.കെ.എം. അഷ്റഫ് എം.എല്‍.എ
ഭാഷന്യൂനപക്ഷം ഏറെയുള്ള മഞ്ചേശ്വരത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന് എ.കെ.എം. അഷ്റഫ് എം.എല്‍.എ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്യോഗസ്ഥരില്‍ പലരും ഭാഷാപരമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. മറ്റു ജില്ലകളിലെ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കകംതന്നെ സ്ഥലംമാറിപ്പോകുന്നത് ജില്ലയുടെ ശാപമാണെന്നും എം.എല്‍.എ പറഞ്ഞു. കോവിഡ് കാലമാണ് കാസര്‍കോട് ജില്ല ആരോഗ്യമേഖലയില്‍ എവിടെനില്ക്കുന്നുവെന്ന് കേരളത്തിലെ പൊതുസമൂഹം മനസ്സിലാക്കിയതെന്നും കേരളത്തില്‍ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ തലപ്പാടിയില്‍ കർണാടക അതിര്‍ത്തി അടച്ചപ്പോള്‍ കാസര്‍കോട്ട് കോവിഡ് ബാധയില്ലാത്തവരാണ് ചികിത്സ ലഭിക്കാതെ മരിച്ചതെന്നും എം.എല്‍.എ ഓർമിപ്പിച്ചു. മഞ്ചേശ്വരത്ത് കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.
മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം -സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ
വികസനത്തിന് സ്വകാര്യ നിക്ഷേപങ്ങളും ആവശ്യമാണെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ബേക്കലില്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞെന്നും എം.എല്‍.എ പറഞ്ഞു.
മികച്ച പദ്ധതികളും വ്യവസായങ്ങളും ജില്ലയില്‍ ആവശ്യം -ജില്ല കലക്ടര്‍
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും മികച്ച പദ്ധതികളും വ്യവസായങ്ങളും ജില്ലയില്‍ ഉണ്ടാകുന്നില്ലെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.