പോളിങ് കുറഞ്ഞത് യു.ഡി.എഫിന് വിനയാകുമോ?
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിന്റെ കുറവിൽ ആശങ്കയിലാണ് മുന്നണികൾ. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫിന്റെ കോട്ടകളിലൊന്നാണ് കാസർകോട് നിയമസഭ മണ്ഡലം. എന്നാൽ, ഇത്തവണ ഈ കോട്ടയിൽ വിള്ളൽ വീഴുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ശതമാനക്കണക്ക് നോക്കിയാൽ വലിയ പോളിങ് നടന്നതൊക്കെയും എൽ.ഡി.എഫ് കേന്ദ്രങ്ങളിലാണ്. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവുമുയർന്ന പോളിങ് ശതമാനം എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരാണ്. 80.39 ശതമാനം. കാസർകോട് നിയമസഭ മണ്ഡലത്തിലിത് 72.05 ശതമാനമാണ്.
2019ൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് മണ്ഡലത്തിൽ ലഭിച്ചത് 69,790 വോട്ടും എൽ.ഡി.എഫിലെ സതീഷ്ചന്ദ്രന് ലഭിച്ചത് 28,567 വോട്ടുമാണ്. എന്നാൽ, ബി.ജെ.പി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിന് 46,630 വോട്ട് ലഭിച്ചിട്ടുണ്ട്. യു.ഡി.എഫിനോടൊപ്പമെത്തില്ലെങ്കിലും എൻ.ഡി.എ നിർണായക ശക്തിയാണ് മണ്ഡലത്തിൽ. കന്നിവോട്ടർമാരിൽ കണ്ണുവെക്കുന്ന മുന്നണികൾക്ക് ഇവിടെ കിട്ടുക 2173 പുരുഷവോട്ടും 1865 സ്ത്രീവോട്ടും ഒരു ട്രാൻസ്ജൻഡർ വോട്ടുമടക്കം ആകെ 4039 കന്നിവോട്ടാണ്. മുസ്ലിം ഏകീകരണം നടന്നിട്ടുണ്ട് എന്നുള്ളത് വ്യക്തമാണെങ്കിലും ഇതാർക്ക് അനുകൂലമാകുമെന്ന് പറയാനാവില്ല എന്ന വിലയിരുത്തലുമുണ്ട്. കാരണം, പൗരത്വഭേദഗതി നിയമത്തിൽ സി.പി.എം എടുത്ത അമിതാവേശം യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നില്ല എന്നുള്ളത് വസ്തുതയാണ്. ഇടതുപാർട്ടികൾ അതിനുപിന്നാലെ പോയതുകൊണ്ട് നമുക്കും പോകാതെ തരമില്ലല്ലോ എന്നതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് ഇതിൽ ഇടപെട്ടതെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളിലെ അടക്കംപറച്ചിൽ.
വോട്ടെടുപ്പുദിവസം ബി.ജെ.പി കേന്ദ്രങ്ങളിലെ ആവേശമില്ലായ്മയും സംസാരവിഷയമായിട്ടുണ്ട്. എന്നിരുന്നാലും യു.ഡി.എഫും എൽ.ഡി.എഫും കടുത്ത ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫ് 42,000 മുതൽ 45,000വരെ ഭൂരിപക്ഷം മണ്ഡലത്തിൽ നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിലിത് 35,000ലേറെയാണെന്ന് പറയുന്നു. എൻ.ഡി.എ നില മെച്ചപ്പെടുത്തുമെന്നും അവകാശവാദമുന്നയിക്കുന്നുണ്ട്.
അഷ്റഫ് എടനീർ (മുസ്ലിം ലീഗ്)
പോളിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെ ബാധിക്കില്ല. ബി.ജെ.പി കേന്ദ്രങ്ങളിലാണ് പോളിങ് ഗണ്യമായി കുറഞ്ഞത്. 2019നെക്കാളും എണ്ണൂറോളം വോട്ടുകൾ കൂടിയിട്ടുണ്ട്. വി.എം സ്കൂളിലെ ബൂത്ത്, അടുക്കത്ത്ബയൽ, കാസർകോട് ഗവ. കോളജിലെ ബൂത്ത് ഇതൊക്കെ ബി.ജെ.പി കേന്ദ്രങ്ങളിലെ ബൂത്തുകളാണ്. ഇവിടെയൊക്കെയാണ് പോളിങ് കുറഞ്ഞിട്ടുള്ളത്. അതേസമയം, ചെങ്കള, മധൂർ എന്നിവിടങ്ങളിലൊക്കെ ഒറ്റനോട്ടത്തിൽതന്നെ പോളിങ് കൂടിയിട്ടുമുണ്ട്. ഇപ്രാവശ്യം മണ്ഡലത്തിൽ 42,000 മുതൽ 45,000വരെ ഭൂരിപക്ഷം നേടുമെന്ന ഉറപ്പുണ്ട് മുന്നണിക്ക്.
സി.എ.എ വിഷയം എൽ.ഡി.എഫിന് ഒരിക്കലും അനുകൂലമാകില്ല. റിയാസ് മൗലവി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ ജനവികാരമുണർന്നപ്പോൾ അവർ എടുത്തിട്ടതാണ് സി.എ.എ വിഷയം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ബി.ജെ.പിയുടെ ഒരൊഴുക്ക് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കാണാൻ കഴിഞ്ഞില്ല.
ന്യൂനപക്ഷവോട്ടുകൾ കൃത്യമായി ഏകീകരിച്ചിട്ടുണ്ട്. അത് യു.ഡി.എഫിന് അനുകൂലമാകുമെന്നതിൽ തർക്കമില്ല. മലയോരമേഖലയിൽ എൽ.ഡി.എഫ്-ബി.ജെ.പി ധാരണയുണ്ടായിട്ടുണ്ടോ എന്നസംശയവും തള്ളിക്കളയാനാവില്ല. പിന്നെ പറയാനുള്ള നെഗറ്റീവ് എന്നുള്ളത് ചില യു.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ടർമാർ അവധിക്കാലം ചെലവഴിക്കാൻ പുറത്തുപോയി എന്നുള്ളതാണ്. കൂടാതെ സാധാരണക്കാരായ വിദേശത്ത് ജോലിചെയ്യുന്ന ചിലർക്ക് വിമാനക്കൂലിയുടെ ഭീമമായ വർധനയിൽ വോട്ടുചെയ്യാൻ എത്താനായില്ല എന്നതുമുണ്ട്. ഈ രണ്ടു ഘടകങ്ങളൊഴിച്ചാൽ ബാക്കിയെല്ലാം യു.ഡി.എഫിന് അനുകൂലമാണ്.
മുഹമ്മദ് ഹനീഫ (സി.പി.എം)
പോളിങ് ശതമാനമേ കുറഞ്ഞിട്ടുള്ളൂ. നമ്മുടെ വോട്ട് കുറഞ്ഞിട്ടില്ല. എൽ.ഡി.എഫിന്റെ മണ്ഡലത്തിലെ മുഴുവൻ വോട്ടും പോൾ ചെയ്യിക്കാനായിട്ടുണ്ട്. പോളിങ് ശതമാനം കുറഞ്ഞത് എൽ.ഡി.എഫിനെ ഒരിക്കലും ബാധിക്കില്ല. 1600ഓളം വോട്ട് കൂടുതലായി പോൾ ചെയ്തിട്ടുണ്ട്. മിക്കവാറും എല്ലാ ബൂത്തിലും 20 ശതമാനത്തിൽ കൂടുതൽ വോട്ട് കിട്ടുമെന്നാണ് പാർട്ടി വിലയിരുത്തൽ. സി.എ.എ വിഷയം മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷം നമുക്ക് മനസ്സിലായത്, അഥവാ ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നില്ലെങ്കിലും ബി.ജെ.പിയോട് പൊരുതാൻ ഇടതുപക്ഷത്തെ എം.പിമാർക്കേ പറ്റുള്ളൂ എന്ന ഒരു വിശ്വാസം ന്യൂനപക്ഷത്തുണ്ട് എന്നുള്ളതാണ്. പലരും അത് പറയുകയുമുണ്ടായി. വടക്കൻ കേരളത്തിലെ ന്യൂനപക്ഷവിഭാഗത്തിലുള്ളവർ രാഷ്ട്രീയത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയവരാണ്. അവർക്കറിയാം യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ പോയിട്ട് ഒരുകാര്യവുമില്ലെന്ന്. അതുകൊണ്ടുതന്നെ അവർ ഇപ്രാവശ്യം എൽ.ഡി.എഫിന് അനുകൂലമാണ്. മണ്ഡലത്തിൽ ഇത് പ്രതിഫലിക്കുകയും ചെയ്യും. 35,000ലേറെ ഭൂരിപക്ഷം മണ്ഡലത്തിൽ നേടാനാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. ആ രീതിയിലുള്ള വോട്ടിങ് പാറ്റേൺ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷ ഏകീകരണമുണ്ടായിട്ടുണ്ട്. പക്ഷേ, അത് എൽ.ഡി.എഫിന് അനുകൂലമാകും.
രവീശതന്ത്രി കുണ്ടാർ (ബി.ജെ.പി)
എൻ.ഡി.എക്ക് കാസർകോട് നിയമസഭ മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകും. ബി.ജെ.പിയുടെ മുഴുവൻ വോട്ടും പോൾ ചെയ്തിട്ടുണ്ട്. ആദ്യം 2,70,000 വോട്ട് പാർലമെന്റ് മണ്ഡലത്തിൽ നേടാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഇത് മാറി. വളരെ കരുത്തുറ്റ സ്ഥാനാർഥി വന്നതോടെ ഇതിന്റെ ഗതിമാറി. നമ്മുടെ പ്രചാരണവും മറ്റും മണ്ഡലത്തിലുണ്ടാക്കിയ ജനസമ്മതിയിൽ ഇവിടെ വലിയ മുന്നേറ്റമുണ്ടാക്കാനാകും. പാർലമെന്റ് മണ്ഡലത്തിൽ ജയിച്ചാലും അതിശയപ്പെടാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.