ആരോഗ്യ മന്ത്രിക്കുനേരെ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി
text_fieldsകാഞ്ഞങ്ങാട്: യൂത്ത് ലീഗ് പ്രവര്‍ത്തകർ ആരോഗ്യ മന്ത്രി വീണാജോര്‍ജിനെ കരിങ്കൊടി കാണിച്ചു. കാഞ്ഞങ്ങാട്ട് രണ്ടിടത്താണ് കരിങ്കൊടി കാട്ടിയത്. കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധവുമായെത്തി. കരിങ്കൊടി വീശുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജില്ല ആശുപത്രിക്കുമുന്നിൽ കൈയേറ്റം ചെയ്തു. ജില്ലആശുപത്രിയിൽ ഉദ്ഘാടന പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. ഉദ്ഘാടന പരിപാടി പൂർത്തിയാക്കിയ മന്ത്രി ഹോസ്ദുർഗിലെ റസ്റ്റ് ഹൗസിലേക്ക് മടങ്ങി.
ഭക്ഷണം കഴിഞ്ഞ് മന്ത്രി റസ്റ്റ് ഹൗസിൽനിന്നും പുറത്തിറങ്ങുന്നതിനിടയിൽ സ്മൃതി മണ്ഡപം റോഡിനു സമീപത്തുവെച്ചും പുതിയ കോട്ട ടൗണിൽവെച്ചുമാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പുതിയ കോട്ടയിൽ പൊലീസ് കരിങ്കൊടി കാട്ടിയവരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ വീണുപരുക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ ഫൈസൽ ചേരക്കാടത്തിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നിലേക്ക് ചാടിവീണാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവിടെ പൊലീസുമായി പ്രവർത്തകർ മൽപിടുത്തമുണ്ടായി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റമീസ് ആറങ്ങാടി, ഫൈസൽ ചേരക്കാടത്ത്, എം.പി. നൗഷാദ്, സിദ്ദീഖ് കുശാൽനഗർ, ഇർഷാദ് ആവിയിൽ, ജലീൽ ബാവാനഗർ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീണാ ജോർജിനുനേരെ കരിങ്കൊടി വീശുന്നതിനിടെയാണ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്തത്. ജില്ല പ്രസിഡന്റ് ബി. പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ രാംനഗർ, ഡോ. ദിവ്യ, രാജിക മാർട്ടിൻ ജോർജ്, സൂരജ്, രോഹിത്, രതീഷ് രാഘവൻ, തസ്രീന എന്നിവരെ അറസ്റ്റ് ചെയ്തു. അതിനിടെ രാഹുൽ രാംനഗർ, തസ്രീന എന്നിവർക്ക് അക്രമത്തിൽ പരുക്കുണ്ടെന്ന പരാതിയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.