കേന്ദ്ര വാഴ്സിറ്റിയിൽ 'കാവിവത്കരണം' പാളി; അധ്യാപകനെ ഭാരതീയ വിചാര കേന്ദ്രം ഭാരവാഹിത്വത്തിൽനിന്ന് നീക്കുന്നു
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിൽ ആർ.എസ്.എസ്-ബി.ജെ.പി ശിപാർശകൾ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ അധ്യാപകനെ ഭാരതീയ വിചാരകേന്ദ്രം ഭാരവാഹിത്വത്തിൽനിന്ന് നീക്കുന്നു. വാഴ്സിറ്റിയെ 'കാവിവത്കരിക്കാൻ' നിയോഗിക്കപ്പെട്ട ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡൻറും മുൻ പി.വി.സിയുമായ കേന്ദ്ര സർവകലാശാല ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ പ്രഫസർ ഡോ. കെ. ജയപ്രസാദിനെയാണ് മാറ്റുന്നത്. വിചാരകേന്ദ്രത്തിൽ അദ്ദേഹത്തിെൻറ ചുമതലകളെല്ലാം എടുത്തുകളഞ്ഞിരിക്കുകയാണ്.
കേന്ദ്ര സർവകലാശാലയിൽ എത്തിയപ്പോൾ സംസ്ഥാനത്തെ സംഘ്പരിവാർ നേതാക്കളുടെ ശിപാർശകൾ പരിഗണിക്കാതെ, കേന്ദ്ര സർക്കാറിലെ ആർ.എസ്.എസ് ബന്ധങ്ങൾ ഉപയോഗിച്ച് സ്വന്തം 'ഹിന്ദുത്വം' നടപ്പാക്കാൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം. ജയപ്രസാദിെൻറ നടപടികളാണ് ആർ.എസ്.എസിനോട് താൽപര്യമില്ലാത്ത വി.സിയെ നിയോഗിക്കാൻ കാരണമെന്നും വിലയിരുത്തലുണ്ട്.
വാഴ്സിറ്റിയിലെ അധ്യാപക നിയമനം, ജീവനക്കാരുടെ നിയമനം എന്നിവയിൽ കേരളത്തിലെ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ നിർദേശങ്ങൾ തഴഞ്ഞ ജയപ്രസാദ് വ്യക്തി താൽപര്യം നടപ്പാക്കി. എയ്ഡഡ് കോളജുകളിലെ അധ്യാപകെര കേന്ദ്ര വാഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് കോണ്ടുപോവുകയും എയ്ഡഡ് മാനേജ്മെൻറിനു പുതിയ നിയമനത്തിന് വഴിയൊരുക്കുകയും ചെയ്തുവെന്നതാണ് ഗുരുതര ആരോപണം. വെള്ളാപ്പള്ളി നടേശെൻറ എസ്.എൻ ട്രസ്റ്റിനു കീഴിലുള്ള കണ്ണൂർ, ചെങ്ങന്നൂർ, കൊല്ലം കോളജുകളിൽനിന്നായി ഏഴുപേരെ അടർത്തിയെടുത്ത് അവിടെ പുതിയ നിയമനത്തിന് കളമൊരുക്കുകയാണ് ചെയ്തത്. ഈ ഏഴുപേരുടെ നിയമനം തെറ്റായ വഴിയിലാണെന്ന് സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൊളീജിയറ്റ് ഡയറക്ടറുടെ എൻ.ഒ.സിക്കു പകരം വെള്ളാപ്പള്ളി നടേശെൻറ എൻ.ഒ.സിയാണ് കേന്ദ്ര സർവകലാശാലയിൽ നൽകിയത്. ഇത് സർവകലാശാലക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കി.
കേന്ദ്ര വാഴ്സിറ്റിയിലെ അധ്യാപക നിയമനങ്ങളിലും കോഴ ആേരാപണം നേരത്തേ ഉയർന്നിരുന്നു. ആർ.എസ്.എസ് ശിപാർശ ചെയ്ത അധ്യാപകരെ നിയമിക്കാത്തതുവഴി കേന്ദ്ര സർവകലാശാലയിൽ സംഘ്പരിവാറിനു വേണ്ടത്ര സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞില്ല.
അധ്യാപകനായ ഗിൽബർട്ട് സെബാസ്റ്റ്യൻ കേന്ദ്ര സർക്കാറിനെ 'ഫാഷിസ്റ്റ്' എന്ന് പ്രയോഗിച്ചതുപോലും നേരിടാനായില്ല. കേന്ദ്ര സർവകലാശാലയിൽ ആർ.എസ്.എസുകാരനായി ഇപ്പോൾ പരീക്ഷ കൺട്രോളർ ഡോ. മുരളീധരൻ നമ്പ്യാർ മാത്രമാണുള്ളത്. എ.ബി.വി.പി സംസ്ഥാന സെക്രട്ടറിയായിരുന്ന അമൃത് ജി. കുമാർ വരെ ജയപ്രസാദിെൻറ രീതികളാൽ വിട്ടുനിൽക്കുകയാണ് എന്നും പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്നുവന്ന ആർ.എസ്.എസ് ബന്ധമുള്ളവർ വാഴ്സിറ്റിയിൽ സംഘവുമായി ബന്ധം സ്ഥാപിക്കാനിഷ്ടപ്പെടുന്നില്ല. ആർ.എസ്.എസിെൻറ ദേശീയ അധ്യാപക സംഘടനയായ അഖില ഭാരത് രാഷ്ട്രീയ ശൈഷിക് മണ്ഡൽ ഉണ്ട്. അതിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സംഘിെൻറ ഘടകം സ്ഥാപിച്ച് അധ്യാപകരെ അതിലേക്ക് കൊണ്ടുവരാതെ സ്വന്തമായി സംഘടനയുണ്ടാക്കി. ഈ സംഘടനയും ഗതിപിടിച്ചില്ല. സംസ്ഥാനത്ത് ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വവുമായി ബന്ധം നഷ്ടപ്പെട്ടതോടെ ജയപ്രസാദിനെ വി.സിയും കൈയൊഴിഞ്ഞു. അദ്ദേഹത്തെ സ്ഥലംമാറ്റുന്നതിലേക്ക് വരെയെത്തിയത് സംഘ്പരിവാറിനെ നാണംകെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.