കാസർകോട്; പ്രഥമ മുന്‍ഗണന അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് -ജില്ല ആസൂത്രണ സമിതി
text_fieldsകാസർകോട്: 2024-25 വാര്‍ഷിക പദ്ധതിയില്‍ പ്രഥമ മുന്‍ഗണന അതിദാരിദ്ര്യ നിര്മാര്ജനത്തിനെന്ന് ജില്ല ആസൂത്രണ സമിതി യോഗം. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുകയും അതിജീവന ആവശ്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യപരിരക്ഷ, വികസന ആവശ്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അതിദാരിദ്ര്യം പരിഹരിക്കുന്നതിനായി മൈക്രോ പ്ലാനുകളെ അടിസ്ഥാനമാക്കി പ്രോജക്ടുകള്‍ക്ക് രൂപം നൽകുകയും ചെയ്യും. ഗ്രാമപഞ്ചായത്തുകള്‍ തയാറാക്കിയ മൈക്രോ പ്ലാനുകള്‍ക്ക് വിഹിതം നല്‍കുന്നതിന് ബ്ലോക്ക് - ജില്ല പഞ്ചായത്തുകള്‍ക്ക് പദ്ധതികള്‍ ഏറ്റെടുക്കാനും സാധിക്കും. 2,154 പേരാണ് ജില്ലയില്‍ അതി ദരിദ്രരായി ഉള്ളത്.
വീട് അറ്റകുറ്റപ്പണികള്‍, വീടും സ്ഥലവും ലഭ്യമാക്കല്‍, സ്ഥലമുള്ളവര്‍ക്ക് വീട് ലഭ്യമാക്കല്‍, വീട് വൈദ്യുതീകരണം, കുടിവെള്ളം ലഭ്യമാക്കല്‍, ശുചിമുറി, സ്ഥിരമായ ഷെല്‍ട്ടറിലേക്ക് മാറ്റല്‍, താല്ക്കാലികമായ ഷെല്‍ട്ടറിലേക്ക് മാറ്റല്‍ എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. കൂടാതെ ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും.
കൃഷി വികസനത്തില്‍ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും. ആരോഗ്യ സുരക്ഷയില്‍ സി.എച്ച്.എസികളില്‍ ഓട്ടോമേറ്റഡ് ലാബ് സൗകര്യം ഒരുക്കും. ബഡ്സ് സ്കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അംഗൻവാടികളുടെ നവീകരണം നടപ്പാക്കും. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 53 അംഗൻവാടികള്‍ക്ക് സ്ഥലവും കെട്ടിടവും ഒരുക്കുക തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കും.
ജില്ലയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ രണ്ടിടങ്ങളില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. 2024-25 വാര്‍ഷിക പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട മുന്‍ഗണന പ്രോജക്ടുകള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ലൈഫ് പദ്ധതി, അംഗൻവാടി പോഷകാഹാര പദ്ധതി, എസ്.എസ്.കെ, പാലിയേറ്റിവ് കെയര്‍ പദ്ധതി, ആശ്രയ പദ്ധതി, ഐ.കെ.എം വിഹിതം, ഭിന്നശേഷി സ്കോളര്‍ഷിപ് എന്നിവ നിര്‍ബന്ധമായും ഏറ്റെടുത്ത് നടപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ബ്ലോക്ക് തല പദ്ധതി പുരോഗതി അവലോകനം ചെയ്തു. സംയുക്ത പദ്ധതികളായി ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ബഡ്സ് സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് വാഹന സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ നിർദേശിച്ചു.
ജില്ലയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പന്നി ശല്യം. ഇവ പരിഹരിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. പ്ലാന്‍ ഫണ്ട് വിനിയോഗ പുരോഗതി യോഗം വിലയിരുത്തി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവു നികത്താത്തത് പദ്ധതി നിര്‍വഹണത്തിന് തടസ്സം ഉണ്ടാക്കുന്നതായി യോഗം ഉന്നയിച്ചു. ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്സനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.