15കാരിയുടെയും യുവാവിന്റെയും മരണം: മൃതദേഹങ്ങൾക്ക് മൂന്നാഴ്ചയിലേറെ പഴക്കം
text_fieldsകൊച്ചി: കാസർകോട് പൈവളിഗെയിൽ 15കാരിയുടെയും യുവാവിന്റെയും മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും മൃതദേഹങ്ങൾക്ക് മൂന്നാഴ്ചയിലേറെ പഴക്കമുള്ളതായും കണ്ടെത്തി. ഇവർ എന്തിനാണ് ജീവനൊടുക്കിയത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
അതിനിടെ, ജീവനൊടുക്കിയ ഓട്ടോഡ്രൈവർ പ്രദീപി(42)നെ പലപ്പോഴും കുട്ടിയോടൊപ്പം കണ്ടിരുന്നുവെന്ന് നാട്ടുകാർ സ്കൂൾ അധികൃതർക്കും ചൈൽഡ് ലൈനിനും പരാതി നൽകിയിരുന്നുവത്രെ. ഇതിന്റെ പേരിൽ തന്നെ കാസർകോട് വിദ്യനഗറിലെ ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നതായി കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചൈൽഡ് ലൈനിൽ നൽകിയിരുന്ന പരാതി മാതാപിതാക്കളെ സ്വാധീനിച്ച് പ്രദീപ് പിൻവലിപ്പിച്ചതായി നാട്ടുകാർ പറയുന്നു.
ഫെബ്രുവരി 12നാണ് വീട്ടിൽ ഉറങ്ങിക്കിടന്ന 10ാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. അന്നുതന്നെ പ്രദീപിനെയും കാണാതായിരുന്നു. തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മകൾ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിൽ നൽകിയ പരാതി. ഇളയസഹോദരിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്. കാണാതായി 26ാം ദിവസമായ ഇന്നലെയാണ് ഇരുവരെയും വീടിനടുത്ത പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇത്രയും ദിവസം പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടെത്താൻ എന്തുനടപടി എടുത്തുവെന്ന് ഹൈകോടതി ആരാഞ്ഞു. സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈകോടതി നടത്തിയത്. നിയമത്തിന് മുമ്പിൽ വി.വി.ഐ.പിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോ എന്നും ചോദിച്ചു. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവെയായിരുന്നു വിമർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.