എസ്.എഫ്.ഐക്കെതിരെ മുൻ പ്രിൻസിപ്പൽ; 'റാഗിങ്ങിനും ലഹരി ഉപയോഗത്തിനും നടപടിയെടുത്തത് പ്രകോപനമായി'
text_fieldsകാസർകോട്: കുടിവെള്ളപ്രശ്നം ഉന്നയിച്ചു വന്ന വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്ന് കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് നീക്കപ്പെട്ട എൻ. രമ എസ്.എഫ്.ഐക്കെതിരെ ആരോപണവുമായി രംഗത്ത്. ക്യാമ്പസിൽ റാഗിങ്ങിനും ലഹരി ഉപയോഗത്തിനും നടപടിയെടുത്തതാണ് തനിക്കെതിരെ തിരിയാൻ പ്രകോപനമായത്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളജില്‍ തോന്നിവാസങ്ങള്‍ നടക്കുകയാണ്. തനിക്കെതിരെ ഹിഡൻ അജണ്ടയുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ചുമതലയിൽ നിന്ന് നീക്കിയതെന്നും എൻ. രമ പറഞ്ഞു.
ക്യാമ്പസിൽ ഇടവേളകളിലും വൈകുന്നേരം ക്ലാസ് കഴിയുന്ന സമയങ്ങളിലും വളരെ മോശം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ താൻ ശക്തമായ നടപടികളെടുത്തിരുന്നു.
റാഗിങ്ങിനും മയക്കുമരുന്നിനുമെല്ലാം തെളിവുകൾ ഉള്ളതാണ്. ഒരുവിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഭാഗത്തുനിന്ന് മോശമായ പ്രവർത്തനങ്ങൾ നടക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികളാണ് താൻ എടുത്തത്. ഇതുകൊണ്ടാണ് തനിക്കെതിരെ നടപടി വന്നതെന്നും അധ്യാപിക എൻ. രമ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച കോളജിനകത്തെ കുടിവെള്ളം മലിനമായത് ചൂണ്ടിക്കാണിച്ച് പ്രിൻസിപ്പലിനെ സമീപിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പ്രിൻസിപ്പൽ ചേംബറിനകത്ത് പൂട്ടിയിട്ടിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ചൊവ്വാഴ്ച വീണ്ടും വിഷയവുമായി വിദ്യാർഥികൾ എത്തിയപ്പോൾ വിദ്യാർഥികൾക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാൻ അവകാശമില്ലെന്നു പറഞ്ഞതിന്‍റെ വിഡിയോ പ്രചരിച്ചിരുന്നു. പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ കോളജ് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് എൻ. രമയെ മാറ്റിയത്.
അതേസമയം, അധ്യാപിക മാധ്യമങ്ങളോട് നടത്തിയ വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ കോളജിനകത്തെ മുഴുവൻ വിദ്യാർഥികളെയും അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.