മാലിക് ദിനാർ പള്ളിക്ക് 1420 വയസ്സ്
text_fieldsകാസർകോട്: തളങ്കര മാലിക് ദിനാർ പള്ളി സ്ഥാപിച്ച് ഇന്നേക്ക് 1420 വർഷം. കേരളത്തിൽ ഇസ്ലാം മത പ്രചാരണം തുടങ്ങിയതിെൻറ ആദ്യ മുദ്രകളിലൊന്നാണ് മാലിക് ദിനാർ പള്ളി. കേവലം പള്ളി മാത്രമല്ല, തീർഥാടന കേന്ദ്രം കൂടിയായി മാറിയിരിക്കുന്നു മാലിക് ദിനാർ. മുസ്ലിംകൾ മാത്രമല്ല, മാലിക് ദിനാറിെൻറ ചരിത്രമറിയാനും വാസ്തുഭംഗി കാണാനും ലോകത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് ഗവേഷകരും സന്ദർശകരും എത്താറുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പുണ്യം തേടിയെത്തുന്ന തീർഥാടകരുടെ എണ്ണവും അനുദിനം വർധിക്കുന്നു.
കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെ ചന്ദ്രഗിരി പുഴയോരത്താണ് പള്ളി സ്ഥിതിചെയ്യുന്നത്. അറേബ്യയിൽനിന്ന് കപ്പൽ മാർഗമെത്തിയ മാലിക് ദിനാറും സംഘവും കേരളത്തിലും ദക്ഷിണ കന്നഡയിലുമായി പണിത പള്ളികളിൽ എട്ടാമത്തേതാണ് മാലിക് ദിനാർ. കൊടുങ്ങല്ലൂർ, കൊല്ലം, ചാലിയം, പന്തലായനി, ധർമടം, ശ്രീകണ്ഠപുരം, ഏഴിമല, മംഗളൂരു, ബാർകൂർ എന്നിവിടങ്ങളിൽ ഉൾെപ്പടെ പത്ത് പള്ളികൾ മാലിക് ദിനാറും സംഘവും പണിതിട്ടുണ്ട്. അറേബ്യയിൽനിന്നുള്ള പത്ത് വെണ്ണക്കല്ലുകൾകൊണ്ട് പത്ത് പള്ളികൾക്ക് ശിലാസ്ഥാപനമായിരുന്നുവെന്ന് പറയുന്നു. തളങ്കര, കൊടുങ്ങല്ലൂർ പള്ളികളുടെ വാസ്തു സമാനമാണ്. പ്രധാന കവാടത്തിൽ കൊത്തിെവച്ചിരിക്കുന്ന അറബി ലിഖിതം കേരള ചരിത്രത്തിെൻറ ഭാഗമാണ്.
ഇത് മാലിക് ഇബ്നുദിനാർ പള്ളിയാണ് എന്നു തുടങ്ങുന്ന ലിഖിതത്തിൽ മാലിക് ദിനാറിനോടൊപ്പമുണ്ടായവരുടെ പേരും വർഷവും നൽകിയിട്ടുണ്ട്. ഹിജ്റ 22 റജബ് മാസം 13 തിങ്കളാഴ്ചയാണ് എത്തിയത്. പലതവണ പള്ളി പുനർനിർമിച്ചതായും പറയുന്നു. വാർഷികാചരണം സംയുക്ത ജമാഅത്ത് ഖാദി ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡൻറ് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. അബ്ദുൽ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തുമെന്ന് പി.എ. അബ്ദുൽ റഷീദ് ഹാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.