കാസർകോട്ട് പശുവിെൻറ പേരിൽ അക്രമം: പ്രതികൾക്കായി തെരച്ചിൽ തുടരുന്നു
text_fieldsആദൂർ (കാസർകോട്): പശുവുമായി വന്ന പിക്കപ് വാൻ പിന്തുടർന്ന് ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. അക്രമികൾ സഞ്ചരിച്ച കാർ പിടികൂടിയിരുന്നെങ്കിലും പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. മുഡൂർ മണ്ഡക്കോൽ ഭാഗത്ത് നിന്നുള്ള ഹിന്ദു ജാഗരൺ വേദി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായാണ് പരാതി. ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയതായി ആദൂർ പൊലീസ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഫാമിൽ വളർത്താൻ കർണാടകയിൽനിന്ന് പശുക്കളുമായി വരുമ്പോൾ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പ ഫോറസ്റ്റ് ഒാഫിസിന് സമീപത്തായിരുന്നു സംഭവം. പിക്കപ് ഡ്രൈവർ ശക്കീൽ അഹമ്മദിനാണ് മർദനമേറ്റത്. കുറ്റിക്കോൽ നെല്ലിത്താവിലെ തോമസ്, ഭാര്യ മോളി എന്നിവരാണ് കർണാടക ധർമസ്ഥലയിൽനിന്ന് പശുക്കളെ വാങ്ങിയത്. തോമസും ഭാര്യയും കാറിലും പശുക്കളുമായി പിക്കപ് ലോറികൾ പിറകിലും വരുകയായിരുന്നു.
കർണാടക മൃഗസംരക്ഷണ വകുപ്പിെൻറ അനുമതിയോടെയാണ് പശുക്കളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. സുള്ള്യ പൊലീസ് അതിർത്തിയിൽ വാഹനം പരിശോധിച്ചപ്പോൾ ഫാമിലേക്ക് കൊണ്ടുപോവുകയാണെന്ന രേഖകൾ കാണിച്ചതിനാൽ വിട്ടയച്ചു. എന്നാൽ, മിനിറ്റുകൾക്കകം കേരള അതിർത്തിയിൽ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ ആദൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടാനായില്ല. അക്രമിസംഘമെത്തിയ കെ.എ 21 പി. 2714 മാരുതി സെലേറിയോ കാർ മരത്തിലിടിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.